ഇവിടെ ഉണർന്നിരിക്കുന്നു അരങ്ങിന്റെ ഓർമകൾ

അങ്കമാലി അമ്മ കമ്മ്യൂണിക്കേഷന്റെ നാടകവണ്ടി
കെ ഡി ജോസഫ്
Published on Mar 27, 2025, 02:14 AM | 1 min read
കാലടി
ഉത്സവപ്പറമ്പുകളിൽ നാടകം അരങ്ങുതകർക്കുമ്പോൾ നാടകത്തിന്റെ സ്വന്തം തട്ടകങ്ങളിൽ കരിന്തിരിയെരിയുന്നു. മലയാള പ്രൊഫഷണൽ നാടകത്തിന് അമൂല്യ സംഭാവനകൾ നൽകിയ അങ്കമാലി,- കാലടി മേഖലകളിൽ ഇന്നുള്ളത് പോയ കാലത്തിന്റെ ഓർമകൾ മാത്രം.
1980-–-1990 കാലഘട്ടത്തിൽ നിരവധി നാടകസമിതികൾ അങ്കമാലിയുടെ ബാനറിൽ പുറത്തിറങ്ങിയിരുന്നു. അങ്കമാലി നാടകനിലയം, അഞ്ജലി, അരമന, പൗർണമി, മാനിഷാദ, സൂര്യപുത്ര, ഭരത് ക്ഷേത്ര, അഭിനന്ദന, അഭിരമ്യ തുടങ്ങിയ സമിതികൾ അണിയിച്ചൊരുക്കിയ നാടകങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഉത്സവപ്പറമ്പുകളിൽ കൈയടി നേടി.
തൊണ്ണൂറുകളിൽ രണ്ടുതവണ സംസ്ഥന അവാർഡ് നേടിയ സമിതിയാണ് അങ്കമാലി നാടകനിലയം. നാടകാചാര്യൻ എൻ എൻ പിള്ള, ബാലൻ അയ്യമ്പിള്ളി, ചെറുന്നിയൂർ ജയപ്രസാദ്, സതീഷ് സംഘമിത്ര എന്നിവരുടെ രചനയിലും സംവിധാനത്തിലും പിറന്ന നാടകങ്ങൾ സമിതിയുടെ യശസ് കൂട്ടി. സാമ്പത്തിക പ്രതിസന്ധിമൂലം 2008ൽ നാടകനിലയം അടച്ചുപൂട്ടി. 1987ൽ ഒറ്റ നാടകംകൊണ്ടുതന്നെ കേരളക്കരയാകെ വിസ്മയിപ്പിച്ച നാടകമാണ് ശ്രീമൂലനഗരം മോഹൻ എഴുതിയ അഴിമുഖം. നാടകം മൂന്ന് വർഷം തുടർച്ചയായി അവതരിപ്പിച്ചശേഷം കാഞ്ഞൂർ പ്രഭാത് തിയറ്റേഴ്സും പൂട്ടി.
അങ്കമാലി സിഎസ്എ ഓഡിറ്റോറിയം, കാലടി നാസ്, ശ്രീമൂലനഗരം ഫാസ് എന്നിവിടങ്ങളിൽ നാടകവാരം സംഘടിപ്പിച്ചിരുന്നു. നിർമാണച്ചെലവ് ലക്ഷങ്ങളിലേക്ക് ഉയർന്നപ്പോൾ പിടിച്ചുനിൽക്കാനാകാതെയാണ് നടത്തിപ്പുകാരിൽ പലരും സങ്കടത്തോടെയാണെങ്കിലും സമിതികൾ പിരിച്ചുവിട്ടത്.










0 comments