Deshabhimani

ജില്ലാ കോടതിയിൽ മോഷണം

2 ലക്ഷത്തിന്റെ റാഡോ വാച്ച്‌ അടക്കം 124 തൊണ്ടിമുതലുകൾ മോഷ്ടിച്ചു

District Court
വെബ് ഡെസ്ക്

Published on Nov 03, 2026, 01:49 AM | 1 min read

കൊച്ചി

അതീവ സുരക്ഷയുള്ള ജില്ലാ കോടതിയിൽനിന്ന്‌ ലക്ഷങ്ങൾ വിലയുള്ള റാഡോ വാച്ച്‌ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ മോഷ്ടിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌-–രണ്ട്‌ കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഉൾപ്പെട്ട 124 തൊണ്ടിമുതലുകളാണ് മോഷണംപോയത്‌. 1.90 ലക്ഷം രൂപയുടെ റാഡോ വാച്ചടക്കമാണ്‌ കാണാതായത്‌. ജെഎഫ്‌സിഎം-–രണ്ട്‌ കോടതി ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. 2016 ജനുവരി ഒന്നുമുതൽ 2026 സെപ്‌തംബർ 21 വരെയുള്ള കേസുകളിലെ രേഖകളും വസ്‌തുക്കളുമാണ്‌ കവർന്നത്.


പരാതിയിൽ കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ 29നാണ്‌ സെൻട്രൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌. അഞ്ച്‌ ദിവസമായിട്ടും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിനായിട്ടില്ല. 2016ൽ കൊച്ചിയിലെ വനിതാ വ്യവസായിയെ ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം 1.5 കോടി രൂപയുടെ ആഡംബരകാറും റാഡോ വാച്ചും തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ടതാണ്‌ റാഡോ വാച്ചുകൾ. തൃശൂർ തൃപ്രയാറിലെ പണമിടപാടുകാരനിൽനിന്ന് ഇവ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭർത്താവിന്റെ റാഡോ വാച്ച് വിട്ടുകിട്ടാൻ വനിതാ വ്യവസായി കഴിഞ്ഞമാസം നൽകിയ ക്ലെയിം പെറ്റീഷന് കോടതി അനുമതി നൽകിയിരുന്നു. വിട്ടുനൽകുന്നതിനായി സൂക്ഷിപ്പുകേന്ദ്രം പരിശോധിച്ചപ്പോഴാണ് വാച്ച് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.


ഓഡിറ്റ് റിപ്പോർട്ടടക്കമുള്ള രേഖകൾ പരിശോധിച്ചപ്പോഴാണ് 123 തൊണ്ടിമുതലുകൾകൂടി മോഷണം പോയതായി വ്യക്തമായത്. ഇവ സൂക്ഷിച്ചിരുന്ന മുറി ഇടയ്‌ക്ക്‌ മാറിയിരുന്നു. ഇതിനിടെ തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതാണോയെന്ന്‌ അറിയാൻ കോടതി രജിസ്‌റ്റർ പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്‌. സ്‌ട്രോങ്‌ റൂം ജീവനക്കാരൻ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. കേസ് അട്ടിമറിക്കാൻ തൊണ്ടിമുതലുകൾ മോഷ്ടിച്ച് നശിപ്പിച്ചതാണോയെന്നും പൊലീസ്‌ സംശയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home