ad
Deshabhimani

പനിബാധിതർ 13,557

Dengue Fever

കടവന്ത്ര മേല്‍പ്പാലത്തിനുതാഴെ പൈപ്പ്ലൈന്‍ റോഡരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം

വെബ് ഡെസ്ക്

Published on Jun 17, 2026, 12:32 AM | 2 min read

കൊച്ചി

ഈ മാസം പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,557 ആയി. ജൂൺ പതിനഞ്ചിനാണ് കൂടുതൽപേർ ചികിത്സ തേടിയത് – 1318. ജില്ലയില്‍ വയറിളക്ക രോഗങ്ങളും വര്‍ധിക്കുന്നു. 3348 പേരാണ് വയറിളക്കരോഗങ്ങളുമായി ഈ മാസം ചികിത്സതേടിയത്. വയറിളക്കം ബാധിച്ച് കടുങ്ങല്ലൂരുള്ള നാലുവയസ്സുകാരൻ ജൂണ്‍ നാലിന് മരിച്ചു. ഇതുകൂടാതെ മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ ബാധിച്ചും നിരവധിപ്പേര്‍ ചികിത്സയ്ക്കെത്തുന്നു. എലിപ്പനി ബാധിച്ച് കുമ്പളങ്ങി സ്വദേശിക്ക്‌ ജീവൻ നഷ്ടമായിരുന്നു.


​ആഹാരത്തിൽ വേണം ശ്രദ്ധ, ജാഗ്രത

സംസ്ഥാനത്ത് ഷിഗല്ലയുള്‍പ്പെടെ വയറിളക്കരോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷണപാനീയങ്ങളുടെ ശുചിത്വത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും ആഹാരപദാർഥങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നവരും ഭക്ഷണശാലകളും അതീവജാഗ്രത പാലിക്കണം.

ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ചശേഷംമാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. തിളപ്പിച്ച വെള്ളത്തിൽ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേർത്ത് ഉപയോഗിക്കരുത്. കിണർ വെള്ളം ഉപയോഗിക്കുന്നവർ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം .

ഹോട്ടലുകൾ, കാന്റീനുകൾ, ഭക്ഷണശാലകൾ, സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ ഇടങ്ങളില്‍ ആഹാരപദാർഥം പാകംചെയ്ത്‌ വിതരണം ചെയ്യുന്ന എല്ലാവർക്കും നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. ഇവരുടെ വ്യക്തിശുചിത്വം ഉറപ്പാക്കണം.


പകര്‍ച്ചവ്യാധി 
പരത്തും 
മാലിന്യക്കൂനകള്‍

പകര്‍ച്ചവ്യാധികള്‍ നാടെങ്ങും വ്യാപിച്ചതോടെ വലഞ്ഞ് ജനം. ജില്ലയില്‍ മഴക്കാലപൂര്‍വ ശൂചീകരണം നടത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ പരാജയപ്പെട്ടതാണ് വ്യാധികള്‍ പടരാന്‍ കാരണം. മാലിന്യക്കൂനകളില്‍ കൊതുകും തെരുവുനായകളും വിളയാടുമ്പോള്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.

നഗരത്തിലെ പ്രധാന റോഡുകളില്‍പ്പോലും മാലിന്യം തള്ളുന്നുണ്ട്. കനാലുകള്‍ ശുചീകരിക്കാത്തത് കൊതുകുജന്യ, ജലജന്യരോഗം പടരാന്‍ ഇടയാക്കുന്നു.



ജീവനെടുത്ത്‌ ഡെങ്കി; 
ഒരാൾകൂടി മരിച്ചു

കൊച്ചി

ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും അലംഭാവത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന അറുപത്തിരണ്ടുകാരി മരിച്ചു. കോതമംഗലം ഊന്നുകല്‍ ഉപ്പുകുളം സ്വദേശിയാണ്‌ മരിച്ചത്. ഇതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം 14 ആയി. ഡെങ്കി ബാധിച്ച് രണ്ടാമത്തെയാളാണ് ആറുദിവസത്തിനുള്ളില്‍ മരിക്കുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലേഷ്യന്‍ പൗരന്‍ ഗാന്ധി മുനുസാമി (55) ജൂണ്‍ ഒന്പതിന് മരിച്ചിരുന്നു.

അതിവേഗമാണ് ജില്ലയില്‍ ഡെങ്കി വ്യാപിച്ചത്. ലക്ഷണങ്ങളുമായി 372 പേർ ചികിത്സ തേടിയതിൽ 136 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. വളന്തകാട്, എടത്തല പ്രദേശത്തുള്ളവര്‍ക്കാണ് രോഗബാധ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home