കൃത്രിമ ബീജാധാനത്തിലൂടെ ഉൽപ്പാദിപ്പിക്കാൻ ക്ഷീരവികസന വകുപ്പ്
ഇനി പശുക്കുട്ടികൾ മാത്രം; പാൽ ഉൽപ്പാദനം കുതിച്ചുയരും

കൊച്ചി
ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനത്തിലൂടെ പശുക്കുട്ടികളെ മാത്രം ഉൽപ്പാദിപ്പിക്കാനുള്ള മാർഗവുമായി സംസ്ഥാന ക്ഷീരവികസന വകുപ്പ്. 90 ശതമാനം കൃത്യത അവകാശപ്പെടുന്ന പദ്ധതി ജില്ലയിലെ 25 തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾവഴിയാണ് നടപ്പിലാക്കുന്നത്.
ഫ്ലൊസൈറ്റോമെട്രി എന്ന സാങ്കേതികവിദ്യയിലൂടെ ഉയർന്ന ജനിതകമൂല്യമുള്ള വിത്തുകാളകളിൽനിന്ന് മൂരിക്കുട്ടി ജനിക്കാൻ സഹായിക്കുന്ന വൈ ക്രോമസോം വേർതിരിക്കുന്നതാണ് പദ്ധതി. വിലകൂടിയ മെഷീനുകളും പേറ്റന്റുള്ള സാങ്കേതികവിദ്യയും ആവശ്യമായതിനാൽ പ്രക്രിയ ചെലവേറിയതാണ്. സെക്കൻഡിൽ 10,000 മുതൽ 20,000 വരെ ബീജങ്ങൾ ഇത്തരത്തിൽ വേർതിരിക്കാനാകും. സംസ്ഥാനത്തിന്റെ പാൽ ഉൽപ്പാദനത്തിൽ ഗണ്യമായ വളർച്ചയുണ്ടാക്കാനും ക്ഷീരകർഷകരുടെ വരുമാനം മെച്ചപ്പെടാനും ഗുണമേന്മയുള്ള പശുക്കളെ കുറഞ്ഞസമയംകൊണ്ട് ഉൽപ്പാദിപ്പിക്കാനും ഇത് സഹായിക്കും.
മൂവാറ്റുപുഴയിലെ വെറ്ററിനറി പോളിക്ലിനിക്, കോതമംഗലം, കൂത്താട്ടുകുളം, വാളകം, ആലങ്ങാട്, എടയ്‌ക്കാട്ടുവയൽ, ചെറായി, കൊമ്പനാട്, മുടക്കുഴ, പുത്തൻവേലിക്കര, കീഴ്മാട്, അരയൻകാവ്, മലയാറ്റൂർ, പനങ്ങാട് മൃഗാശുപത്രികൾ, നെല്ലാട്, തുരുത്തി, പല്ലാരിമംഗലം, എടവൂർ, ഇരിങ്ങോൾ, ഉപ്പുകണ്ടം, പോത്താനിക്കാട്, കുത്തുകുഴി, പെരുനീർ, ജോൺപടി വെറ്ററിനറി സബ്സെന്ററുകൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കിവരുന്നു.
ബീജാധാനത്തിന് പൂർണ ആരോഗ്യമുള്ള കിടാരികളെയോ ആദ്യ മൂന്നുപ്രസവംവരെ 10 മുതൽ 20 ലിറ്റർ പാലുള്ള പശുക്കളെയോ ആണ് തെരഞ്ഞെടുക്കുക. പദ്ധതിയുടെ ഭാഗമാകാൻ ക്ഷീരകർഷകർ മൃഗാശുപത്രിയിൽ രജിസ്റ്റർ ചെയ്യണം. ലിംഗനിർണയം നടത്തിയ ബീജമാത്രകൾ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡാണ് വിതരണം ചെയ്യുന്നത്. ക്ഷീരകർഷകൻ രണ്ട് കുത്തിവയ്പുകൾക്കായി 500 രൂപ അടയ്ക്കണം. രണ്ടു കുത്തിവയ്‌പിനുശേഷവും ഗർഭധാരണം നടന്നില്ലെങ്കിൽ പണം തിരികെനൽകും.









0 comments