ad
Deshabhimani

കംബോഡിയ കേന്ദ്രീകരിച്ച്‌ സൈബർ 
തട്ടിപ്പ്; റാക്കറ്റിൽ നിരവധി മലയാളികൾ

cyber scam
വെബ് ഡെസ്ക്

Published on Feb 02, 2026, 03:02 AM | 1 min read

കൊച്ചി


കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ്‌ റാക്കറ്റിൽ കൂടുതൽ മലയാളികളുണ്ടെന്ന്‌ വിവരം. കഴിഞ്ഞദിവസം അറസ്‌റ്റിലായവരിൽനിന്ന്‌ നിർണായക വിവരങ്ങൾ ലഭിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറിൽനിന്ന്‌ 37 ലക്ഷം രൂപ തട്ടിയ കേസിൽ അരൂർ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ കെ പി ആദിൽ (22), മുഹമ്മദ്‌ ഫൈസൽ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.


മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്ത ഡോക്ടറെ, യുവതിയെന്ന വ്യാജേന സൂരജ് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പിന്നീട് ഓഹരിയിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. 37 ലക്ഷം രൂപ നിക്ഷേപിച്ചു. തുക തിരിച്ച്‌ ലഭിക്കാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ മനസ്സിലായത്‌. യുവതിയുടെ പ്രൊഫൈൽ വ്യാജമെന്ന്‌ കണ്ടതോടെ സൈബർ പൊലീസിനെ സമീപിച്ചു. ആദിലും മുഹമ്മദ്‌ ഫൈസലുമാണ്‌ നാട്ടിൽനിന്ന്‌ പണം പിൻവലിച്ചത്‌. പ്രതികളെ റിമാൻഡ്‌ ചെയ്‌തു. ​


നിയന്ത്രണം 
ചൈനീസ്‌ പ‍ൗരർ


ചൈനീസ്‌ പ‍ൗരരുടെ നേതൃത്വത്തിലാണ്‌ കംബോഡിയയിലെ തട്ടിപ്പ്‌ റാക്കറ്റ്‌ പ്രവർത്തിക്കുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഘാംഗങ്ങൾക്ക്‌ ഇരകളെ കണ്ടെത്താനും സ‍ൗഹൃദംസ്ഥാപിക്കാനും ചതിയിലൂടെ പണം തട്ടുന്നതിനും പരിശീലനം നൽകും. ലഭിക്കുന്ന തുക ഉടൻ അക്ക‍ൗണ്ടുകളിൽനിന്ന്‌ പിൻവലിക്കാനുള്ള പരിശീലനവുമുണ്ട്‌. ഇന്ത്യയിൽനിന്നടക്കം നിരവധിപേർ റാക്കറ്റിലുണ്ട്‌.


കേരളത്തിൽനിന്നുൾപ്പെടെയുള്ള യുവതി, യുവാക്കളെ വിസിറ്റിങ് വിസയിൽ തായ്‌ലൻഡ്‌, മലേഷ്യ, ലാവോസ്‌ എന്നിവിടങ്ങളിൽ എത്തിക്കും. തുടർന്ന്‌ റോഡ്‌ മാർഗം കംബോഡിയയിലേക്ക്‌. അവിടെ ഹോട്ടൽ, ഡെലിവറി ജോലികൾ ചെയ്യുന്നതിനുള്ള വിസ തരപ്പെടുത്തി നൽകും. സൈബർ ഷെൽട്ടറുകളിലാകും പിന്നീട്‌ ഇ‍ൗ യുവതീ യുവാക്കൾ. തുടർന്ന്‌ ഇവരെ നിർബന്ധിച്ച്‌ സൈബർകുറ്റകൃത്യങ്ങളുടെ ഭാഗമാക്കും. അനുസരിക്കുന്നവർക്ക്‌ മികച്ച പ്രതിഫലം. സൈബർ മാഫിയയുടെ നിർദേശങ്ങൾ പാലിക്കാത്തവർക്ക്‌ ക്രൂരമർദനവും. നാട്ടിലെ സാന്പത്തികപ്രശ്‌നങ്ങൾകാരണം പലർക്കും ഇതിൽനിന്ന്‌ പിന്മാറാനുമാകില്ല.


ഡോക്ടറുമായി ചാറ്റ്‌ ചെയ്‌തത്‌ ‘തേജസ്വിനി’


കൊച്ചിയിൽ തട്ടിപ്പിന്‌ ഇരയായ ഡോക്ടറുമായി സ‍ൗഹൃദം സ്ഥാപിച്ചത്‌ തേജസ്വിനി. ഇ‍ൗ പേരിലാണ്‌ സൂരജ്‌ കൃഷ്‌ണ ഡോക്ടറുമായി ചാറ്റ്‌ ചെയ്‌തത്‌. വിശ്വാസം നേടിയശേഷം പണം നിക്ഷേപിപ്പിച്ചു. ഡിജിറ്റൽ ഗാഡ്‌ജറ്റുകളും സിംകാർഡുകളും ബാങ്കിങ്‌ രേഖകളും പിടിച്ചെടുത്തു. ഇൻസ്‌പെക്ടർ പി എ ഷമീർ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സൂരജ്‌ കംബോഡിയയിൽനിന്ന്‌ ഇന്ത്യയിലെത്തിയതിന്‌ പിന്നാലെ പിടികൂടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home