ad
Deshabhimani

വാട്‌സാപ്‌ ഹാക്കിങ്‌ ; പറവൂരിൽ വ്യവസായിക്ക്‌ 
50 ലക്ഷം നഷ്ടമായി

a
avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Jan 24, 2026, 12:57 AM | 1 min read


കൊച്ചി

പറവൂർ തത്തപ്പിള്ളി സ്വദേശിയായ വ്യവസായിയുടെ വാട്‌സാപ്‌ ഹാക്ക്‌ ചെയ്‌ത്‌ സൈബർ തട്ടിപ്പുസംഘം 50 ലക്ഷം രൂപ തട്ടിയെടുത്തു. വടക്കൻ പറവൂർ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട പണം തമിഴ്‌നാട്ടിലെയും പിന്നീട്‌ ഉത്തർപ്രദേശിലെയും ബാങ്കിലെത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇത് രണ്ടും വാടക അക്ക‍ൗണ്ടുകളാണെന്നാണ്‌ സംശയിക്കുന്നത്‌. കരാറെടുത്ത്‌ മൊബൈൽ ടവർ നിർമിക്കുന്നയാളാണ്‌ തട്ടിപ്പിനിരയായത്‌. ഇയാളുടെ മൊഴി പൊലീസ്‌ രേഖപ്പെടുത്തി.


രണ്ടുദിവസംമുന്പായിരുന്നു സംഭവം. വ്യവസായിയുടെ ഓഫീസിലെ ജീവനക്കാരന്റെ ഫോണിലേക്ക്‌ വാട്‌സാപ്‌ സന്ദേശം എത്തിയതോടെയാണ്‌ തുടക്കം. ഫോണിൽ സേവ്‌ ചെയ്‌തിരുന്ന, വ്യവസായിയുടെ നന്പറിൽനിന്നായിരുന്നു സന്ദേശം. ബിസിനസ്‌ ആവശ്യത്തിനായി 50 ലക്ഷം രൂപ അടിയന്തരമായി ഒരു അക്ക‍ൗണ്ടിലേക്ക്‌ അയക്കാനാണ്‌ ആവശ്യപ്പെട്ടത്‌. പറഞ്ഞ അക്ക‍‍ൗണ്ടിലേക്ക്‌ ജീവനക്കാരൻ പണമയച്ചു. വ്യവസായി അതേസമയം, ഓഫീസിലുണ്ടായിരുന്നു. വ്യവസായിയുടെ ഫോണിലാണ്‌ ഒടിപി വന്നിരുന്നത്‌. ജീവനക്കാരൻ ഒടിപി നന്പർ ചോദിച്ചപ്പോൾ വ്യവസായി പറഞ്ഞുകൊടുത്തു. ഇതോടെ 50 ലക്ഷം രൂപ തട്ടിപ്പുകാരുടെ കൈയിലെത്തി.


പത്തോളം മറ്റ്‌ ബാങ്ക്‌ ഇടപാടുകൾ ഇത്തരത്തിൽ നടത്തിക്കൊണ്ടിരുന്നതിനാൽ ഒടിപി ചോദിച്ചപ്പോൾ വ്യവസായിക്ക്‌ സംശയമുണ്ടായില്ല. എന്നാൽ, വീണ്ടും 35 ലക്ഷം രൂപ ആവശ്യപ്പെട്ട്‌ ജീവനക്കാരന്റെ ഫോണിലേക്ക്‌ സന്ദേശമെത്തി. അത്രയും പണം അക്ക‍‍ൗണ്ടിലുണ്ടാകില്ലെന്ന്‌ ജീവനക്കാരൻ വ്യവസായിയെ അറിയിച്ചു. ആദ്യം 50 ലക്ഷം അയച്ചുതന്നതും ജീവനക്കാരൻ പറഞ്ഞു. താൻ ഇത്തരത്തിൽ പണം ആവശ്യപ്പെട്ടില്ലെന്ന്‌ വ്യവസായി പറഞ്ഞതോടെ ജീവനക്കാൻ ഞെട്ടി.


അക്ക‍ൗണ്ടിൽനിന്ന്‌ പണം നഷ്ടമായെന്ന്‌ ബോധ്യപ്പെട്ടതോടെ വ്യവസായി ദേശീയ സൈബർ ക്രൈം പോർട്ടലിന്‌ പരാതി നൽകി. ഇ‍ൗ പരാതി റൂറൽ സൈബർ പൊലീസിനും തുടർന്ന്‌ പറവൂർ പൊലീസിനും കൈമാറുകയായിരുന്നു. നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ പൊലീസ്‌ ശ്രമം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home