20 രൂപ നാണയമുണ്ടോ? 8500 രൂപ തരാം....! പുതിയ സൈബർ തട്ടിപ്പ് സജീവം


ശ്രീരാജ് ഓണക്കൂർ [email protected]
Published on Feb 21, 2026, 02:30 AM | 1 min read
കൊച്ചി
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 20 രൂപ നാണയമുണ്ടോ? അത് അയച്ചുതന്നാൽ ഒന്നിന് 8500 രൂപവീതം തരാമെന്ന വാഗ്‌ദാനവുമായി സൈബർ തട്ടിപ്പ് സജീവം. ഇൻസ്‌റ്റഗ്രാമിലടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രതപുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഇൻസ്‌റ്റഗ്രാമിൽ പേജ് ആരംഭിച്ച് വീഡിയോകൾ പോസ്‌റ്റ് ചെയ്‌താണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. ‘സൗത്ത് ഓൾഡ് കോയിൻ കന്പനി’ എന്ന പേരിൽ ഇൻസ്‌റ്റഗ്രാമിൽ പ്രചരിക്കുന്ന വീഡിയോ കണ്ട് എറണാകുളം സ്വദേശി നാണയം ശേഖരിക്കാൻ ആരംഭിച്ചു. സംശയം തോന്നി പൊലീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്.
പഴയ അഞ്ചു രൂപ നോട്ട് തന്നാൽ 18,000 രൂപവരെ നൽകാമെന്നും പേജിലെ വീഡിയോകളിൽ വാഗ്‌ദാനമുണ്ട്. സീരിയൽ നന്പറിൽ അവസാന അക്കം 786 ആയി വരുന്ന നോട്ടുകൾ നൽകിയാൽ അതിനും പതിനായിരത്തിലധികം രൂപ നൽകാമെന്നും ഇവർ പറയും. വീഡിയോയിലെ വാട്‌സാപ് നന്പറിൽ ബന്ധപ്പെട്ടാൽ പണം ഉറപ്പാണെന്ന വാഗ്‌ദാനം ലഭിക്കും. നിങ്ങൾ ശേഖരിച്ച നാണയങ്ങളുടെ എണ്ണം കൂട്ടിനോക്കി തുകയും പറയും.
പണം അയച്ചുതരുന്നതിന് അക്കൗണ്ട് സെറ്റ് ചെയ്യാൻ അവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. തട്ടിപ്പുകാരൻ നൽകുന്ന എപികെ ഫയലായിരിക്കും ലിങ്കിലുണ്ടാകുക. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോൺ തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും. ഫോണിലെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ തട്ടിപ്പുകാരന്റെ കൈയിലെത്തും. അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും.
അതല്ലെങ്കിൽ പണം അയച്ചുതരുന്നതിനായി നിങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോ അയച്ചുതരാൻ ചിലപ്പോൾ ആവശ്യപ്പെടും. വിലാസവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ജോലിയുമെല്ലാം ചോദിക്കും. ഇത്തരത്തിൽ വ്യക്തിവിവരങ്ങൾ ശേഖരിച്ച് സൈബർ തട്ടിപ്പുകാർക്ക് കൈമാറും.
അതുമല്ലെങ്കിൽ പണം അയച്ചുതരുന്നതിന് 500 രൂപമുതൽ ആരംഭിക്കുന്ന രജിസ്‌ട്രേഷൻ ഫീസോ കൊറിയർ ചാർജോ ആവശ്യപ്പെടും. ഇത് നൽകിയാൽ ഉടനെ നിങ്ങളെ വാട്‌സാപ്പിൽ തട്ടിപ്പുകാരൻ ബ്ലോക്ക് ചെയ്‌ത് അടുത്ത ഇരയെ തേടി പോകും. നിങ്ങളുടെ ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുതെന്നും അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.










0 comments