നാട്ടുകാർ തടഞ്ഞു
ടിവി സെന്റർ ജങ്ഷനിലെ ക്രോസിങ് അടയ്ക്കാൻ വീണ്ടും നീക്കം

ടിവി സെന്റർ ജങ്‌ഷനിൽനിന്ന് തുതിയൂരിലേക്കുള്ള ക്രോസിങ് അടയ്ക്കാനുള്ള കെഎംആർഎൽ അധികൃതരുടെ നീക്കം നാട്ടുകാർ തടയുന്നു
കാക്കനാട്
ടിവി സെന്റർ ജങ്ഷനിൽനിന്ന് തുതിയൂർ റോഡിലേക്ക് നേരിട്ട് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിക്കാനുള്ള കെഎംആർഎൽ നീക്കം നാട്ടുകാർ വീണ്ടും തടഞ്ഞു. തുതിയൂർ നിവാസികളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലർമാരായ കെ എ നജീബ്, തോമസ് തുതിയൂർ, ജിജി മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കൊച്ചി മെട്രോ റെയിൽ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും ക്രോസിങ് അടയ്ക്കാൻ അധികൃതർ എത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ബസുകൾക്ക് കടന്നുപോകാൻ താൽക്കാലിക സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, തിങ്കൾ ഉച്ചയോടെ സീപോർട്ട്–എയർപോർട്ട് റോഡിൽനിന്ന് തുതിയൂരിലേക്കുള്ള നേരിട്ടുള്ള ഗതാഗതം തടഞ്ഞ് കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്.
നിലവിലെ ക്രമീകരണമനുസരിച്ച് കാക്കനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയുടെ കവാടത്തിനുസമീപം യു ടേൺ എടുത്ത് തിരികെ ടിവി സെന്റർ ജങ്ഷനിലെത്തിവേണം തുതിയൂർ റോഡിലേക്ക് പ്രവേശിക്കാൻ. എന്നാൽ, ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് യു ടേൺ എടുക്കാൻ ആവശ്യമായ വീതി ഇവിടെയില്ല. ഇതുമൂലം ബസുകൾ പലപ്പോഴും കാക്കനാട് ഭാഗത്തുതന്നെ സർവീസ് അവസാനിപ്പിക്കുന്നു. തുതിയൂരിലേക്ക് 12 ബസ് സർവീസുകളാണ് നിലവിലുള്ളത്. ക്രോസിങ് അടച്ചാൽ യാത്രക്കാർ ഏറെദൂരം ചുറ്റി സഞ്ചരിക്കേണ്ടിവരും.









0 comments