ജനമനസ്സറിഞ്ഞ് സിപിഐ എം ഗൃഹസന്ദർശനം
സുദൃഢം, സ്നേഹസന്പന്നം

സിപിഐ എം ഗൃഹസന്ദർശന ക്യാമ്പയിന്റെ ഭാഗമായി പീച്ചിക്കുഴിയിൽ എത്തിയ മന്ത്രി പി രാജീവ് സ്നേഹജനുമായി സംസാരിക്കുന്നു
കൊച്ചി
എന്തൊക്കെയുണ്ട് വിശേഷങ്ങൾ... എന്ന് ചോദിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി പി രാജീവ് വീടിനുള്ളിലേക്ക് കയറിയപ്പോൾ സ്നേഹജന്റെ മുഖത്ത് സൗഹൃദം നിറഞ്ഞ പുഞ്ചിരിവിടർന്നു. അടുത്തിരുന്ന രാജീവ് അദ്ദേഹത്തിന്റെ കരങ്ങൾ കവർന്നു.
ആരോഗ്യകാര്യങ്ങളും കുടുംബസാഹചര്യങ്ങളുമെല്ലാം തിരക്കി. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ, സിപിഐ എമ്മിന്റെ പ്രവർത്തനങ്ങളുമെല്ലാം പങ്കുവയ്ക്കുന്നതിനൊപ്പം ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ടറിയുന്ന ഗൃഹസന്ദർശനത്തിന് നേതൃത്വംനൽകുകയായിരുന്നു രാജീവ്. കളമശേരി മണ്ഡലത്തിൽ പാനായിക്കുളം മില്ലുപടി പീച്ചിക്കുഴിയിലെ വീടുകളാണ് സന്ദർശിച്ചത്. പ്രദേശത്ത് നടപ്പാക്കുന്ന ഒരുകോടി രൂപയുടെ അംബേദ്കർ ഗ്രാമം പദ്ധതിയുടെ കാര്യങ്ങളും വിവരിച്ചു.
26 വീടുകളുടെയും റോഡിന്റെയും നവീകരണം ഉൾപ്പെടെയാണ് പദ്ധതിയിലുള്ളതെന്ന് പറഞ്ഞ രാജീവ്, എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും അന്വേഷിച്ചു. ‘‘സാമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം കുറച്ചുകൂടി ഉഷാറാക്കണം. സർക്കാരും പാർടിയും ചെയ്യുന്ന വികസന, ക്ഷേമ കാര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കണം’’–സ്നേഹജൻ പറഞ്ഞു. 25ന് നടക്കുന്ന ‘ഒപ്പം’ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാന്പിൽ പങ്കെടുക്കണമെന്നും വീണ്ടുംവരാമെന്നും പറഞ്ഞ് രാജീവ് അടുത്തവീട്ടിലേക്ക്. ഇൗ ഭാഗത്തെ മുഴുവൻ വീടുകളും മന്ത്രി കയറി.
മികച്ച പ്രതികരണമാണ് ഗൃഹസന്ദർശനത്തിന് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു. വിവിധ മേഖലകളിലെ പ്രകടമായ മാറ്റം ജനങ്ങൾ അറിയുന്നു. എന്നാൽ, അതിനുപിന്നിലുള്ള സംസ്ഥാന സർക്കാരിന്റെ പങ്ക് അറിയാതെപോകുന്നുണ്ട്. സർക്കാരിന്റെയും പാർടിയുടെയും ജനകീയ അടിത്തറ വിപുലമാക്കാനുള്ള നിർദേശങ്ങൾ പലരും പങ്കുവച്ചു. സഗൗരവം ഇത് പരിഗണിക്കും–രാജീവ് പറഞ്ഞു.
എൽഡിഎഫ് സർക്കാരുമായും സിപിഐ എമ്മുമായുള്ള ജനങ്ങളുടെ അടുപ്പം വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു സിപിഐ എം ഗൃഹസന്ദർശനങ്ങളിൽ. ‘‘സാമൂഹ്യ സുരക്ഷാപെൻഷൻ ഉൾപ്പെടെ വലിയ ആശ്വാസമാണ്. ഇതെല്ലാം മുടക്കമില്ലാതെ തുടരാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണം’’–സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷിനോട് കൊല്ലംപറമ്പിൽ ജോയിയും ഭാര്യ മോളിയും പറഞ്ഞതിങ്ങനെ. കലൂർ കൈപ്പിള്ളി ലെയ്നിലെ വീടുകളാണ് എസ് സതീഷ് സന്ദർശിച്ചത്.
‘‘വികസനപ്രവർത്തനങ്ങളെ തമസ്കരിച്ച് നവമാധ്യമങ്ങളും മാധ്യമങ്ങളും ആഴിച്ചുവിട്ട നുണപ്രചാരണങ്ങൾ ചില വോട്ടർമാരെ സ്വാധീനിച്ചു’’–കോർപറേഷൻ തോൽവിയെക്കുറിച്ച് ആരാഞ്ഞപ്പോൾ കലൂർ കൈപ്പിള്ളി വീട്ടിൽ കെ എം മുഹമ്മദ് സഗീറിന്റെ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവുമെല്ലാം ചർച്ചയായി.
ഒരോ വീട്ടുകാരുടെയും പ്രദേശത്തിന്റെയും ആവശ്യങ്ങൾ നേതാക്കൾ ചോദിച്ചറിഞ്ഞു. പരിഹാരങ്ങളും നടപടികളും വിശദീകരിച്ചു. സർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയുൾപ്പെടെ വിശദീകരിച്ചു. വീട് നിർമാണം, വെള്ളക്കെട്ട്, റോഡ് നവീകരണം, കുടിവെള്ളപ്രശ്നം, വഴിവിളക്ക് സ്ഥാപിക്കൽ, ചികിത്സാസഹായം, ജോലിക്കുള്ള അപേക്ഷ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പലരും പങ്കുവച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി തൃക്കാക്കരയിലും എം അനിൽകുമാർ എറണാകുളത്തും വീടുകൾകയറി. കെ ജെ മാക്സി എംഎൽഎ (തോപ്പുംപടി), ഗോപി കോട്ടമുറിക്കൽ (വാഴപ്പിള്ളി പുളിഞ്ചോട്), ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ (പായിപ്ര സൗത്ത്), ഷാജി മുഹമ്മദ് (പള്ളിക്കവല), ജോൺ ഫെർണാണ്ടസ് (പുല്ലാര ഈസ്റ്റ്), സി കെ പരീത് (ആലുവ എടത്തല), ടി സി ഷിബു (പുത്തൻകാവ്), ആർ അനിൽകുമാർ (കോതമംഗലം), കെ എസ് അരുൺകുമാർ (കാലടി), സി ബി ദേവദർശനൻ (മനക്കപ്പടി) എന്നിവരും ഗൃഹസന്ദർശനം നടത്തി.








0 comments