സിപിഐ എം ഇടപെടൽ: ക്വാറി പ്രവർത്തനം നിർത്തി

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും -മണ്ണത്തൂർ ആടുകുഴി ക്വാറി സന്ദർശിക്കുന്നു
കൂത്താട്ടുകുളം
മണ്ണത്തൂർ ആടുകുഴി ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കി. സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അധികൃതർ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്താൻ ഉത്തരവിട്ടത്.
പരാതി ലഭിച്ചതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി സബ് കലക്ടറും ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ക്വാറി സന്ദർശിച്ചു. മല തുരന്ന് കടത്തിയ നൂറുകണക്കിന് ലോഡ് മണ്ണ് മലയുടെ ചരുവിൽ അശാസ്ത്രീയമായി കൂട്ടിയത് നാട്ടുകാർ ഉദ്യോഗസ്ഥരെ കാണിച്ചു. അംഗീകൃത മൈനിങ് പ്ലാനിൽ ഇല്ലാത്ത സ്ഥലത്താണ് മണ്ണ് കൂട്ടിയതെന്ന് പഞ്ചായത്തംഗം ബിനോയി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ക്വാറി നടത്തിപ്പുകാർ അനുമതിയില്ലാതെ വൻതോതിൽ മണ്ണ് കൂട്ടിയിട്ടതായും ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. ക്വാറിയിൽനിന്ന് പാറ കയറ്റിക്കൊണ്ടുപോകാനുള്ള ഇ- പാസ് നിർത്തലാക്കാൻ ജില്ലാ ജിയോളജിസ്റ്റ് പി കെ ഷാജിമോൾ നിർദേശം നൽകി. നാട്ടുകാർ റവന്യു, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കലക്ടർക്ക് പരാതി നൽകിയത്.
3.81 ഹെക്ടറിലെ സ്ഥലത്തുനിന്ന് ആറുവർഷത്തേക്കാണ് ഖനനാനുമതി. ആദ്യവർഷം 1.5 ലക്ഷം ടണ്ണും രണ്ടാംവർഷം 1.70 ലക്ഷം ടണ്ണും കല്ല് പൊട്ടിച്ചുനീക്കാം. എന്നാൽ, ആറുമാസംകൊണ്ട് ഇതിന്റെ രണ്ടിരട്ടി പാറയാണ് നടത്തിപ്പുകാർ പൊട്ടിച്ചത്. പാറ എടുത്തുണ്ടാകുന്ന കുഴി മൂടാനാണ് മണ്ണ് ഉപയോഗിക്കേണ്ടത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആയിരത്തിലേറെ ലോഡ് മണ്ണ് ഇട്ടതെന്ന് ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. മണ്ണൊലിപ്പും അനുഭവപ്പെടുന്നുണ്ട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയുണ്ടാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി സബ് കലക്ടർ ജോസഫ് സ്റ്റീഫൻ പറഞ്ഞു. പാറമടയിലെ സ്ഫോടനംമൂലം വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ലോറികൾ അമിതഭാരം കയറ്റി ഓടുന്നതിനാൽചൂണ്ടി-–പണ്ടപ്പിള്ളി സെൻട്രൽ ക്രോസ് റോഡും തകർന്നു.










0 comments