പറവൂരിൽ കോൺഗ്രസ് നടത്തിയത് കലാപശ്രമം

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറവൂരിൽ നടന്ന പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുന്നു
പറവൂർ
കുപ്രസിദ്ധ ക്രിമിനലുകളെയടക്കം പങ്കെടുപ്പിച്ച് പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലൂടെ ലക്ഷ്യമിട്ടത് സംഘർഷവും കലാപവും. പ്രതിപക്ഷനേതാവിന്റെ ഓഫീസ് ആക്രമിച്ചു എന്ന കള്ളക്കഥ മെനഞ്ഞാണ്, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖംനഷ്‌ടപ്പെട്ട കോൺഗ്രസ്, കലാപത്തിലൂടെ നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ, ഗൂഢനീക്കം തിരിച്ചറിഞ്ഞ് പൊലീസ് സംയമനം പാലിച്ചു. അതോടെ കലാപശ്രമക്കാർക്ക് നിരാശരായി പിൻവാങ്ങേണ്ടിവന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന വി ഡി സതീശന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ പ്രവർത്തകർ വ്യാഴാഴ്‌ച പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. നൂറുകണക്കിന് സ്‌ത്രീകൾ പങ്കെടുത്ത മാർച്ച് സമാധാനപരമായി അവസാനിച്ചതിനുപിന്നാലെയാണ് ഗൂഢാലോചനക്കാർ രംഗത്തുവന്നത്. പ്രതിപക്ഷനേതാവിന്റെ ഓഫീസ് ആക്രമിച്ചെന്ന നുണപ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാൻ, സതീശന്റെ അനുയായിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കച്ചകെട്ടിയിറങ്ങി. പ്രകടനത്തിനിടെ സിഐടിയു, സിപിഐ എം കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. എംഎൽഎമാരായ റോജി ജോൺ, ഉമ തോമസ് എന്നിവരും പങ്കെടുത്ത പ്രകടനം കോടതി ഗേറ്റിൽ ബാരിക്കേഡുയർത്തി പൊലീസ് തടഞ്ഞു. മാർച്ചിനുമുന്നിൽ നിന്ന് 20 മിനിറ്റോളം പൊലീസിനെ പ്രകോപിപ്പിക്കാൻ തെരുവുഗുണ്ടയെപ്പോലെ ഡിസിസി പ്രസിഡന്റ് അഴിഞ്ഞാടി.
മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണൻ, പറവൂർ എസ്എച്ച്ഒ ഷോജോ വർഗീസ് എന്നിവരെ തെറി വിളിച്ചു. ഇരുവരെയും ശാരീരികമായി ആക്രമിച്ചു. പൊലീസുകാരുടെ ഷീൽഡും ലാത്തിയും തട്ടിപ്പറിക്കാൻ ശ്രമിച്ചു. പറവൂരിലെ കോൺഗ്രസ് നേതാക്കളും ഇക്കൂട്ടത്തിൽ പൊലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടു. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കൂട്ടത്തോടെ സ്റ്റേഷനിലേക്ക് നീങ്ങി. പൊലീസ് സംയമനംപാലിച്ചതോടെ അക്രമികൾ നിരാശരായി. പൊലീസ് ലാത്തിച്ചാർജുണ്ടാക്കി ഹർത്താൽ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകരെ വാഹനത്തിലെത്തിച്ചാണ് അക്രമസമരത്തിന് കോൺഗ്രസ് കോപ്പുകൂട്ടിയത്. ഞാറക്കൽ സ്റ്റേഷൻ പരിധിയിലെ ഒരു കൊടും ക്രിമിനലും ഗുണ്ട മരട് അനീഷിന്റെ സംഘാംഗങ്ങളും പൊലീസിനെ ആക്രമിക്കാൻ മുന്നിലുണ്ടായിരുന്നു. ആക്രമണത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസിനെ ആക്രമിച്ച ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ഡിസിസി പ്രസിഡന്റ് മുമ്പും പൊലീസിനെ കടന്നാക്രമിച്ച് കലാപത്തിന് മുതിർന്നിട്ടുണ്ട്. കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം മോർച്ചറിയിൽനിന്ന് എടുത്തുകൊണ്ടുപോയി പ്രശ്നമുണ്ടാക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞപ്പോഴായിരുന്നു ഇത്. പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ ഹോട്ടലിന്റെ ശുചിമുറിയിൽ ഓടി ഒളിക്കുകയായിരുന്നു.









0 comments