സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂൾ കെട്ടിടം പൊളിച്ചതായി പരാതി

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ഇടിച്ചുനിരത്തിയ വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഴയ ഹൈസ്കൂൾ കെട്ടിടം
കൊച്ചി
വെണ്ണല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജീർണാവസ്ഥയിലായ പഴയ ഹൈസ്കൂൾ കെട്ടിടം കോൺട്രാക്‌ടർ പൊളിച്ചുനീക്കിയത് സ്‌കൂൾ അധികൃതർ അറിയാതെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുമാണെന്ന് പരാതി. പിടിഎ ഭാരവാഹികളാണ് പരാതി ഉന്നയിച്ചത്.
കെട്ടിടം പൊളിക്കുമ്പോൾ സ്‌കൂളിലെ സമീപ കെട്ടിടങ്ങളിലേക്കും പുറകുവശത്തുള്ള വീടുകളിലേക്കും പൊടിപടലങ്ങൾ പടരാതിരിക്കാനുള്ള സുരക്ഷാമാനദണ്ഡങ്ങൾ കോൺട്രാക്ട്ർ പാലിച്ചില്ല. ഇതുമൂലം സ്‌കൂളിലും സമീപ വീടുകളിലും നിറയെ പൊടികയറിയനിലയിലാണ്. എട്ടുമാസംമുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കെട്ടിടം പൊളിച്ചുനീക്കൽ പലവിധ കാരണങ്ങൾപറഞ്ഞ് കരാറുകാരൻ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
എന്നാൽ, അവധിദിവസമായ ശനിയാഴ്ച യാതൊരു മുന്നറിയിപ്പുമില്ലാതെ കരാറുകാരന്റെ ജോലിക്കാർ സ്‌കൂൾ കോമ്പൗണ്ടിൽ കയറി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടം ഇടിച്ചുനിരത്തുകയായിരുന്നു. പൊളിച്ചുനീക്കൽ ഞായറാഴ്ചയും പൂർത്തിയാകാതെവന്നതോടെ കരാറുകാരൻ ഹൈസ്കൂളിലെ പ്രധാനാധ്യാപികയെ വിളിച്ച് സ്കൂളിന് തിങ്കളാഴ്ച അവധി നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് പ്രധാനാധ്യാപിക സ്‌കൂൾകെട്ടിടം പൊളിക്കുന്ന വിവരം അറിയുന്നത്.
തിങ്കളാഴ്ച സ്‌കൂളിന് അവധി നൽകിയെങ്കിലും ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ അവധി പ്രഖ്യാപിച്ചത് അറിയാതെ തിങ്കളാഴ്ച ക്ലാസിൽ എത്തിയിരുന്നു. പൊടി തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിൽ ഇരുന്ന് പഠിക്കാൻ സാധ്യമല്ലാത്തതിനാൽ അധികൃതർ കുട്ടികളെ മടക്കി അയച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും സ്‌കൂൾ അധികൃതരുടെ അനുമതി വാങ്ങാതെയും സ്‌കൂൾ പൊളിച്ച നടപടിയെ ചോദ്യംചെയ്ത പിടിഎ ഭാരവാഹികളെ കരാറുകാരൻ ഭീഷണിപ്പെടുത്തിയതായും അക്ഷേപമുണ്ട്. ഇനി അവധിദിവസങ്ങളിൽ സ്‌കൂൾ കെട്ടിടത്തിന്റെ പൊളിച്ച അവശിഷ്ടങ്ങൾ നീക്കംചെയ്താൽ മതിയെന്നും പിടിഎ ഭാരവാഹികൾ കോൺട്രാക്‌ടറോട് ആവശ്യപ്പെട്ടു.









0 comments