"ബിയോണ്ട് ദി ഹൊറൈസൺ – എ റൈഡ് ഫോർ റെസിലിയൻസ് '
സെഹർ ഹാഷ്‌മിയുടെ ബൈക്ക് പര്യടനം ഇന്ന് ജില്ലയിൽ

സെഹർ ഹാഷ്‌മി
കൊച്ചി
ബൈക്കിൽ രാജ്യം ചുറ്റുന്ന മാനസികാരോഗ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ സെഹർ ഹാഷ്‌മിയും സംഘവും ചൊവ്വാഴ്‌ച ജില്ലയിലെത്തും. പകൽ 11ന് കളമശേരിയിലെ ന്യുവാൽസ് ക്യാന്പസിലും രണ്ടിന് കാലടി സംസ്‌കൃത സർവകലാശാലയിലും സംഘത്തിന് സ്വീകരണം നൽകും.
യുവജനങ്ങളിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള മുൻവിധികളും അപകർഷബോധവും നീക്കുക, അവബോധം വളർത്തുക, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയുള്ള ‘ബിയോണ്ട് ദി ഹൊറൈസൺ – എ റൈഡ് ഫോർ റെസിലിയൻസ് ' ക്യാന്പയിനിന്റെ ഭാഗമായാണ് പര്യടനം.
തെരുവ് നാടകാവതരണത്തിനിടെ കോൺഗ്രസ് അക്രമിസംഘം കൊലപ്പെടുത്തിയ സഫ്ദർ ഹാഷ്‌മിയുടെ അനന്തരവളാണ് സെഹർ. സഫ്ദർ ഹാഷ്മിയുടെ സഹോദരി ശബ്‌നം ഹാഷ്മിയുടെയും ഗൗഹർ റാസയുടെയും ദത്തുപുത്രി. സണ്ണി ലോച, അമിത് യാദവ്, ഫർഹദ് ഖാൻ, രാകേഷ് സൈനി, സമീറ അഷ്‌റോഫ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. വിഷാദരോഗത്തെ അതിജീവിച്ച സെഹർ ഹാഷ്‌മി, അതിന്റെ അനുഭവങ്ങൾ പങ്കിടും.
ആഗസ്‌ത് 20ന് ഡൽഹിയിൽ നടി ഷർമിള ടാഗോറാണ് യാത്രയ്‌ക്ക് കൊടിവീശിയത്. കഴിഞ്ഞ 10ന് കാസർകോട് എത്തി. 18 വരെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ യുവാക്കളും വിദ്യാർഥികളുമായി സംവദിക്കുന്നുണ്ട്. കന്യാകുമാരിവരെ സഞ്ചരിച്ച് ഒക്ടോബർ 15ന് ഡൽഹിയിൽ തിരിച്ചെത്തും. സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ‘ക്യാമ്പയിൻ പഹ്ചാൻ' സംഘടനയാണ് അഖിലേന്ത്യാതലത്തിൽ ക്യാന്പയിനിന്റെ സംഘാടകർ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തും യുവസമിതിയുമാണ് ഇവിടെ സ്വീകരണമൊരുക്കുന്നത്. കളമശേരി ഗവ. മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് രാവിലെ 10.15ന് ന്യുവാൽസിലേക്കും രണ്ടിന് ശ്രീമൂലനഗരത്തുനിന്ന് കാലടി സർവകലാശാലയിലേക്കും സംഘത്തെ വരവേൽക്കും.









0 comments