അടിയന്തരനടപടി വൈകുന്നതിൽ ആശങ്ക
കലക്‌ടറേറ്റ് വളപ്പിൽ അപകടഭീഷണിയായി പാഴ്‌മരങ്ങൾ

കലക്‌ടറേറ്റിന്റെ പ്രധാന കവാടത്തിന് സമീപത്തെ കുടുംബശ്രീ ചായക്കടയ്ക്ക് മുകളിലായി അപകടകരമായി ചാഞ്ഞുനിൽക്കുന്ന കൂറ്റൻ പാഴ് മരം
കാക്കനാട്
കലക്‌ടറേറ്റ് വളപ്പിൽ അപകടാവസ്ഥയിലായ നിരവധി പാഴ്മരങ്ങൾ നിൽക്കുന്നത് ജീവനക്കാരെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഞായറാഴ്ച ശക്തമായ മഴയിലും കാറ്റിലും ഒരു മരം കടപുഴകി വീണതോടെ കലക്‌ടറേറ്റ് വളപ്പിലെ മറ്റു മരങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമാണ്.
കലക്‌ടറേറ്റ് പ്രധാനകവാടത്തിന് സമീപം പ്രവർത്തിക്കുന്ന കുടുംബശ്രീ ചായക്കടയ്ക്ക് മുകളിലായി കൂറ്റൻ പാഴ്മരത്തിന്റെ ശിഖരങ്ങൾ വളഞ്ഞുനിൽക്കുകയാണ്. വലിയ ശാഖകൾ ചായക്കടയുടെ മേൽക്കൂരയിലേക്കും സമീപത്തെ റോഡിലേക്കും അപകടകരമായി ചാഞ്ഞുകിടക്കുന്നുണ്ട്. ഇവിടെ ജീവനക്കാരും പൊതുജനങ്ങളും ഭീതിയോടെയാണ് കഴിയുന്നത്.
കലക്‌ടറേറ്റ് വളപ്പിലെ പല വൻമരങ്ങൾക്കും മണ്ണിനടിയിൽ ഉറപ്പുള്ള വേരുകളില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള മരങ്ങൾ ഭാരമേറിയ ശിഖരങ്ങളുമായി കാറ്റിൽ ആടുമ്പോൾ വേരുകൾക്ക് ഭാരം താങ്ങാനാകാതെ കടപുഴകി വീഴുന്ന സംഭവങ്ങൾ പതിവാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അപകടഭീഷണി ഉയർത്തുന്ന മരങ്ങളുടെ കണക്കെടുത്ത് അവ മുറിച്ചുനീക്കാൻ ജില്ലാ ഭരണകൂടം പൊതുമരാമത്തുവകുപ്പിന് നിർദേശം നൽകിയെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപവുമുണ്ട്. ഞായറാഴ്ച വീണ മരത്തിന്റെ തടിപോലും ഇതുവരെ റോഡരികിൽനിന്ന് പൂർണമായും നീക്കം ചെയ്തിട്ടില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ജില്ലാ ഭരണകേന്ദ്രത്തിൽ ഇത്തരമൊരു അപകടസാധ്യത നിലനിൽക്കുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്ന ജീവനക്കാരും സന്ദർശകരും, അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും പകരം പരിസ്ഥിതിക്ക് അനുയോജ്യമായ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.











0 comments