തുറമുഖഭൂമിയിൽ വൻകിടപദ്ധതികൾക്ക് ടെൻഡർ ; മെഗാ ക്രൂസ് ടെർമിനൽ ഡിപിആർ മാർച്ചോടെ

കൊച്ചി
കൊച്ചി തുറമുഖട്രസ്‌റ്റിന് കീഴിൽ വില്ലിങ്‌ഡൺ ഐലൻഡിൽ ഉൾപ്പെടെയുള്ള 500 ഏക്കറിലേറെ ഭൂമി ലാഭകരമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് ടെൻഡർ ക്ഷണിച്ചു. കൊച്ചിയിലെ വിനോദസഞ്ചാര വികസനത്തിന് പ്രയോജനപ്പെടുന്ന വൻകിട നിക്ഷേപ പദ്ധതികൾ ഇതിലൂടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂവിനിയോഗത്തിനുള്ള സമഗ്ര രൂപരേഖയായി തുറമുഖട്രസ്‌റ്റ് തയ്യാറാക്കിയ മാസ്‌റ്റർപ്ലാൻ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതോടൊപ്പം ആവിഷ്‌കരിച്ചിട്ടുള്ള 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ക്രൂസ് ടെർമിനലിന്റെ വിശദ പദ്ധതിരേഖ (ഡിപിആർ) മാർച്ചോടെ തയ്യാറാകുമെന്നും തുറമുഖ അധികൃതർ പറഞ്ഞു.
തുറമുഖ ട്രസ്‌റ്റിന് കീഴിലുള്ള 2000 ഏക്കറോളം ഭൂമിയിൽ 500 ഏക്കറോളമാണ് വിനിയോഗിക്കാതെ കിടക്കുന്നത്. തുറമുഖപ്രവർത്തനങ്ങൾ ഏറെയും വല്ലാർപാടം ടെർമിനലിലേക്ക് മാറിയതിനെ തുടർന്നാണ് ഇൗ സ്ഥലം മുഴുവൻ മെച്ചപ്പെട്ട രീതിയിൽ വിനിയോഗിക്കാനുള്ള ആലോചനയുണ്ടായത്. തുറമുഖത്തിന്റെ പുനരുജ്ജീവനത്തിനും അത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐലൻഡിന് തെക്കേ അറ്റത്ത് 966 ബി ദേശീയപാതയോടുചേർന്നുള്ള 55.30 ഏക്കർ വികസിപ്പിക്കാനുള്ള പദ്ധതിയാണ് ടെൻഡർ ചെയ്‌തിട്ടുള്ളതിൽ ഒന്ന്. 30 വർഷത്തേക്ക് സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് നൽകാനാണ് പദ്ധതി. ആവശ്യമെങ്കിൽ പാട്ടക്കാലാവധി നീട്ടാനുമാകും. ഹോട്ടൽ, കൺവൻഷൻ സെന്റർ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്‌റ്റേഡിയം, വിനോദകേന്ദ്രം, വാണിജ്യകേന്ദ്രം എന്നിവയ്‌ക്കായാണ് വിനിയോഗിക്കാവുന്നത്. ബ്രിസ്‌റ്റോ റോഡിൽ ടോൾ ബൂത്തിനടുത്തുള്ള ഒരേക്കറോളവും മട്ടാഞ്ചേരി ഹാൾട്ടിനടുത്ത സ്ഥലവും ഇതോടൊപ്പം പാട്ടത്തിന് നൽകാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
മാസ്‌റ്റർപ്ലാൻ അംഗീകരിക്കുന്നമുറയ്‌ക്ക് മറ്റിടങ്ങളിലെ സ്ഥലങ്ങൾകൂടി ടെൻഡർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തുറമുഖത്തിന്റെ കാലനുസൃതമായ ശേഷി വർധിപ്പിക്കലും സാങ്കേതിക പരിവർത്തനവുംകൂടി മാസ്‌റ്റർപ്ലാനിൽ ഉൾപ്പെടുന്നതായി തുറമുഖ അധികൃതർ പറഞ്ഞു.
വില്ലിങ്‌ഡൺ ഐലൻഡിനെ ക്രൂസ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ് 300 കോടി ചെലവ് പ്രതീക്ഷിക്കുന്ന മെഗാ ക്രൂസ് ടെർമിനൽ പദ്ധതി. വിനോദസഞ്ചാര കപ്പലുകൾക്കുള്ള മെഗാ ടെർമിനലും അനുബന്ധസൗകര്യങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. എറണാകുളം വാർഫിനോടുചേർന്നുള്ള ടെർമിനലിന് സമീപത്തെ 20 ഏക്കറിലാണ് മെഗാ ക്രൂസ് ടെർമിനൽ സ്ഥാപിക്കുക. ടൂറിസ്‌റ്റുകൾക്കാവശ്യമായ ഹോട്ടലുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവകൂടി ഉൾപ്പെടുന്ന മെഗാ ക്രൂസ് ടെർമിനൽ രാജ്യത്തുതന്നെ ആദ്യത്തേതാകും.











0 comments