അർബുദ ചികിത്സയിൽ കേരളത്തിന്റെ കുതിപ്പ്
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ സജ്ജം

കൊച്ചി
മധ്യകേരളത്തിന്റെ ചികിത്സാ ഭൂപടം മാറ്റിമറിക്കാൻ സജ്ജമായിരിക്കുകയാണ് കളമശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ. 384.34 കോടി രൂപ ചെലവിൽ നിർമിച്ച സെന്റർ, സൗകര്യങ്ങളുടെ കാര്യത്തിൽ സ്വകാര്യ മേഖലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണ്. ഒരേസമയം 100 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണമാണ് ഇവിടെയുള്ളത്.
സങ്കീർണമായ ശസ്ത്രക്രിയകൾക്കായി സജ്ജീകരിച്ച അഞ്ച് ഓപ്പറേഷൻ തിയറ്ററുകളുണ്ട്. ഇതിൽ ഒന്ന് ഭാവിയിലെ സാധ്യത മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്. മറ്റു ക്യാൻസർ സെന്ററുകളിൽനിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായി മാത്രം 10,000 ചതുരശ്ര അടി സ്ഥലം. ക്യാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഇടവുമുണ്ട്.
സെന്റർ പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായി 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചത്. ഇതോടെ ക്യാൻസർ ചികിത്സാരംഗത്തെ വിദഗ്ധരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ വലിയൊരു നിര ലഭ്യമാകും. രോഗനിർണയംമുതൽ ഗവേഷണംവരെ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ അർബുദത്തിനെതിരായ പോരാട്ടത്തിൽ കേരളം ലോകത്തിനുതന്നെ വഴികാട്ടിയാകുകയാണ്.










0 comments