മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ മന്ദിരോദ്‌ഘാടനം ഫെബ്രുവരി 9ന്

ഉദ്ഘാടനത്തിന് ഒരുങ്ങിയ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ
കെ പി വേണു
Published on Jan 29, 2026, 03:02 AM | 2 min read
കളമശേരി
സംസ്ഥാനത്ത് അർബുദ ചികിത്സയിലും ഗവേഷണത്തിലും വലിയ മുന്നേറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ അത്യാധുനിക മന്ദിരം ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദരിദ്ര വിഭാഗത്തിന് സൗജന്യമായും സാധാരണക്കാർക്ക് കുറഞ്ഞചെലവിലും ചികിത്സ ഉറപ്പാക്കുന്ന ആശുപത്രി എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലയിലുള്ളവർക്ക് ചികിത്സാ മുൻഗണനയുള്ള റഫറൽ ആശുപത്രിയായിരിക്കും.
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിനടുത്തെ 12.63 ഏക്കറിലാണ് പുതിയ കെട്ടിടം.2018 മേയിലാണ് മുഖ്യമന്ത്രി കല്ലിട്ടത്. 223 കോടി രൂപ കെട്ടിട നിർമാണത്തിനും 150 കോടി രൂപ ഉപകരണങ്ങൾ വാങ്ങാനുമായി കിഫ്‌ബി ചെലവഴിച്ചു.
ഏറ്റവും വലിയ കെട്ടിടം സിസിആർസിക്ക് സ്വന്തം
അർബുദ ചികിത്സയ്‌ക്കും ഗവേഷണത്തിനുമാവശ്യമായ എല്ലാ സൗകര്യങ്ങളും ഒറ്റക്കെട്ടിടത്തിൽ എന്നതാണ് പ്രധാന സവിശേഷത. നാല് ബ്ലോക്കുകളുള്ള ഒമ്പത് നില കെട്ടിടം 6.4 ലക്ഷം ചതുരശ്രയടിയിലുള്ളതാണ്. എ ബ്ലോക്കിൽ രജിസ്ട്രേഷൻ, അത്യാഹിതവിഭാഗം, ഫാർമസി, മാമോഗ്രാം, എംആർഐ, സിടി, എക്സ്റേ, അൾട്രാസൗണ്ട്, ഒപി, പുനരധിവാസ ചികിത്സ, ഡേ കെയർ കീമോ, വാർഡുകൾ, ശസ്ത്രക്രിയ, ഐസിയു എന്നിവ. ബി ബ്ലോക്കിന്റെ താഴെ നിലയിലാണ് റേഡിയേഷൻ ചികിത്സാ ഉപകരണത്തിന്റെ പ്രധാന ഭാഗം. താഴെ നിലയിൽ റേഡിയേഷൻ യൂണിറ്റും ഡിപ്പാർട്ട്മെന്റും. പത്തോളജി, ബയോ മെഡിക്കൽ, നഴ്സിങ് വിഭാഗങ്ങളും ബി ബ്ലോക്കിലാണ്.
കാന്റീൻ, ഹിസ്റ്റോപത്തോളജി ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ജനിതക ഗവേഷണ ലാബ്, എൻജിനിയറിങ് വിഭാഗം, മോർച്ചറി എന്നിവ സി ബ്ലോക്കിൽ. ഡി ബ്ലോക്കിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, ലോൺട്രി, പേ വാർഡ്, പാലിയേറ്റീവ് ക്ലിനിക്, ഡ്രഗ് സ്റ്റോർ എന്നിവ.
വിപുലമായ സൗകര്യങ്ങൾ
ഒരേസമയം 100 പേരെ കിടത്തിച്ചികിത്സിക്കാം. വിവിധ വിഭാഗങ്ങളിലായി 20 ഒപി മുറികൾ, മൂന്ന് റേഡിയോ തെറാപ്പി യൂണിറ്റ്, അഞ്ച് ഓപ്പറേഷൻ തിയറ്റർ, ഒരേസമയം 52 പേർക്ക് കീമോ ചികിത്സാ സൗകര്യം എന്നിവയുമുണ്ട്. ബിപിസിഎല്ലിന്റെ ധനസഹായത്തിൽ നിർമിക്കുന്ന അമിനിറ്റി സെന്ററിൽ 132 കൂട്ടിരിപ്പുകാർക്ക് താമസിക്കാം.
പുതിയ തസ്തികകളും
നിലവിലുള്ള 31 പേർക്കൊപ്പം 159 തസ്തികകൾകൂടി സർക്കാർ സൃഷ്ടിച്ചു. ഇതിൽ 36 ഡോക്ടർമാരും 50 നഴ്സും ലാബ്, ഓപ്പറേഷൻ തിയറ്റർ, അനസ്ത്യേഷ്യ ടെക്നീഷ്യൻമാരും അനുബന്ധ ജീവനക്കാരും ഉൾപ്പെടും.
നിലവിൽ 60,000 രോഗികൾ
മെഡിക്കൽ കോളേജിലെ താൽക്കാലിക കെട്ടിടത്തിൽ 2016 നവംബർ 11നാണ് കൊച്ചിൻ ക്യാൻസർ സെന്റർ പ്രവർത്തനമാരംഭിച്ചത്. 10 വർഷമാകുമ്പോൾ 10,000 രോഗികൾ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 60,000 പേർ ചികിത്സ തേടിയതായും ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ പറഞ്ഞു.










0 comments