ad
Deshabhimani

തീരദേശ ഹൈവേ ; ഭൂമിയേറ്റെടുക്കാനായുള്ള 
മൂല്യനിർണയം പുരോഗമിക്കുന്നു

ഉദ്‌ഘാടനത്തിനൊരുങ്ങിയ മുതുവിള-– നന്ദിയോട് റോഡ്‌
വെബ് ഡെസ്ക്

Published on Jan 29, 2026, 02:30 AM | 1 min read


കൊച്ചി

ജില്ലയിൽ 12 വില്ലേജുകളിലൂടെ കടന്നുപോകുന്ന സംസ്ഥാന തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുക്കലിന്‌ മുന്നോടിയായുള്ള മൂല്യനിർണയം പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം റീച്ചിൽ ഏറ്റെടുക്കേണ്ട എണ്ണ‍ൂറോളം വ്യക്തികളുടെ ഭൂമി, കെട്ടിടം എന്നിവയുടെ മൂല്യനിർണയമാണ്‌ നടക്കുന്നത്‌. രണ്ട്‌ റീച്ചുകളിലായി ജില്ലയിൽ നിർമിക്കേണ്ട 48 കിലോമീറ്റർ തീരദേശ ഹൈവേക്കായി 2600 ഓളം വ്യക്തികളിൽനിന്നായി 58.39 ഹെക്ടറാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇ‍ൗ പട്ടികയിലെ പരാതികൾ പരിഗണിച്ച്‌ നേരത്തേ ഉൾപ്പെടുത്തിയിരുന്ന ഏതാനും സർവേ നന്പരുകൾ ഒഴിവാക്കിയും പുതുതായി ചിലത്‌ കൂട്ടിച്ചേർത്തുമുള്ള ഭേദഗതി ഉത്തരവും കഴിഞ്ഞദിവസം റവന്യു വകുപ്പ്‌ പ്രസിദ്ധീകരിച്ചു. ​


ഓരോ വില്ലേജിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്‌തൃതി, ഉടമകളുടെ വിലാസം, സർവേ നന്പർ എന്നിവയും ഒഴിവാക്കിയതും പുതുതായി കൂട്ടിച്ചേർത്തതുമായ സർവേ നന്പറുകളും ഭേദഗതി ഉത്തരവിലുണ്ട്‌. രണ്ടു റീച്ചുകളിലായാണ്‌ ജില്ലയിലെ നിർമാണം. 21.3 കിലോമീറ്ററാണ്‌ ചെല്ലാനംമുതൽ ഫോർട്ട്‌കൊച്ചിവരെയുള്ള ആദ്യ റീച്ചിന്റെ നീളം.


നിലവിലുള്ള റോഡിന്റെ ഇരുപുറങ്ങളിലുമുള്ള സ്ഥലമേറ്റെടുത്താണ്‌ ഇത്രയും ഭാഗത്ത്‌ ഹൈവേയൊരുക്കുക. പുതുവൈപ്പുമുതൽ മുനന്പംവരെയുള്ള രണ്ടാമത്തെ റീച്ച്‌ 26.7 കിലോമീറ്ററും. ഇ‍ൗ ഭാഗത്ത്‌ തീരദേശത്തൂടെ പോകുന്ന റോഡിനോടുചേർന്നാണ്‌ ഹൈവേ നിർമിക്കുക. ഇവിടെ വീടുകളും ജനവാസകേന്ദ്രങ്ങളും കുറവാണ്‌. പൊക്കാളിപ്പാടങ്ങളും ചെമ്മീൻകെട്ടുകളും തരിശുഭൂമിയുമാണ്‌ ഏറ്റെടുക്കേണ്ടതിൽ ഏറെയും. നിലവിലെ റോഡിൽനിന്ന്‌ മാറി ഗ്രീൻ ഫീൽഡിലൂടെ പോകുംവിധമാണ്‌ ഇവിടത്തെ അലൈൻമെന്റ്‌.


ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിരക്ക്‌ കുറയ്‌ക്കുക, തീരദേശങ്ങളെയും ഹാർബറുകളെയും ദേശീയപാതയുമായി ബന്ധിപ്പിക്കുക, തീരദേശ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ കിഫ്‌ബി ഫണ്ട്‌ ചെലവിട്ട്‌ കാസർകോടുമുതൽ തിരുവനന്തപുരംവരെ 656 കിലോമീറ്റർ തീരദേശ ഹൈവേ നിർമിക്കുന്നത്‌. ജില്ലയിലൂടെ കടന്നുപോകുന്ന സൈക്കിൾപാത ഉൾപ്പെടെയുള്ള ഭാഗത്തിന്റെ നിർമാണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ 2600 ഓളം കുടുംബങ്ങളെ പ്രത്യക്ഷമായും 170 ഓളം കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. നിരവധി കച്ചവടസ്ഥാപനങ്ങളെയും തൊഴിലാളി കുടുംബങ്ങളെയും ബാധിക്കും. അവയെല്ലാം സാമൂഹ്യ പ്രത്യാഘാത ലഘൂകരണ നടപടികളിലൂടെ പരിഹരിക്കാനാകുമെന്നും കണക്കാക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home