Deshabhimani

ഇന്ത്യയുടെ ആഴക്കടൽ ദൗത്യം ‘മത്സ്യ' 2026 അവസാനത്തോടെ

cmfri seminar
വെബ് ഡെസ്ക്

Published on May 14, 2025, 03:18 AM | 1 min read


കൊച്ചി

മനുഷ്യനെ വഹിച്ച്, ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ ‘മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി) ഡയറക്ടർ ഡോ. ബാലാജി രാമകൃഷ്ണൻ. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപ്പശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻഐഒടിയാണ് ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസി.


മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് ‘മത്സ്യ' തയ്യാറെടുക്കുന്നത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും പ്രതികൂലസാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് രൂപകൽപ്പന. ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്രനിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്റെ സാധ്യത തുടങ്ങിയവയ്‌ക്ക് വഴിതുറക്കുകയാണ്‌ ലക്ഷ്യം. ഈ വർഷം അവസാനത്തോടെ മത്സ്യ 500 മീറ്റർ ആഴത്തിലേക്ക് പരീക്ഷണ ലോഞ്ചിങ് നടത്തും. അടിത്തട്ടിലേക്കും മുകളിലേക്കും നാല് മണിക്കൂർവീതം സമയം ഇതിനാവശ്യമാണെന്നാണ് കണക്കുക്കൂട്ടൽ. ആഴക്കടലില്‍നിന്ന് സാമ്പിളുകൾ ശേഖരിക്കും.


സിഎംഎഫ്ആർഐയും വിജ്ഞാന ഭാരതിയും ചേര്‍ന്നാണ് അഞ്ച് ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുന്നത്. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷനായി. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുൻ ഡയറക്ടർ ഡോ. സതീഷ് ഷേണായി, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി മുൻ ഡയറക്ടർ ഡോ. എസ് പ്രസന്നകുമാർ, പരിശീലന പരിപാടിയുടെ കോ–-ഓർഡിനേറ്റർ ഡോ. രതീഷ് കുമാർ രവീന്ദ്രൻ എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home