മത്സ്യകർഷകർക്ക് പരിശീലനം നൽകി
സമുദ്രകൃഷി ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സിഎംഎഫ്‌ആർഐ

സിഎംഎഫ്‌ആർഐയിൽ നടന്ന മത്സ്യകർഷക പരിശീലന പരിപാടി ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
രാജ്യത്തെ സമുദ്രകൃഷി ഉൽപ്പാദനം 2047 ഓടെ 25 ലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ). കൂടുമത്സ്യകൃഷി, സംയോജിത മത്സ്യകൃഷിയായ ഇംറ്റ തുടങ്ങിയ നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.5 ലക്ഷം ടണ്ണാണ് ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്.
ഇന്ത്യയിൽ പ്രതിവർഷം ശരാശരി 35 ലക്ഷം ടൺ മീനാണ് കടലിൽനിന്ന് പിടിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിരവധി സമുദ്രമത്സ്യകൃഷി സാങ്കേതികവിദ്യകൾ സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്. കടൽപ്പായൽ കൃഷിയിലും രാജ്യത്തിന് സാധ്യതകളുണ്ട്. 50 ലക്ഷം ടൺ കടൽപ്പായലെങ്കിലും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ രാജ്യത്തിന് ശേഷിയുണ്ട്. മാരിക്കൾച്ചർരംഗത്ത് സുസ്ഥിരനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ദേശീയ സമുദ്രമത്സ്യകൃഷി നയം ആവശ്യമാണ്.
സിഎംഎഫ്‌ആർഐയിൽ നടന്ന മത്സ്യകർഷകപരിശീലനപരിപാടിയിൽ കല്ലുമ്മക്കായ കൃഷി, കൂടുമത്സ്യകൃഷി, പെൻ കൾച്ചർ, ബയോഫ്‌ളോക് സാങ്കേതികവിദ്യ, മത്സ്യത്തീറ്റ നിർമാണം തുടങ്ങിയവയിൽ കർഷകർക്ക് പരിശീലനം നൽകി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്‌തു. ഡോ. കെ മധു, ഡോ. ആർ വിദ്യ, ഡോ. സനൽ എബനീസർ, ഡോ. സാജു ജോർജ് എന്നിവർ സംസാരിച്ചു.











0 comments