വരയിലെ നിത്യബാല്യത്തിന് സ്‌മാരകമായി ‘ക്ലിന്റ് ആർട്ട് ഗാലറി’

മൂന്നാം വയസിൽ വൃക്ക രോഗം ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞ ക്ലിന്റ്, കിടയ്‌ക്കകരിൽ വിഷമിച്ചിരിക്കുന്ന അച്ഛൻ ജോസഫിനെ വരച്ചത് നോക്കികാണുന്ന അമ്മ ചിന്നമ്മയും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ളയും. ഉദ്‌ഘാടനത്തിന്‌ശേഷം എറണാകുളം ഗാന്ധിനഗറിൽ ക്ലിന്റ് ആർട്ട് ഗാലറിയിൽനിന്ന്

സ്വന്തം ലേഖകൻ
Published on Mar 13, 2026, 03:14 AM | 1 min read
കൊച്ചി
ചിത്രലോകത്തെ അത്ഭുതബാലൻ എഡ്‌മണ്ട് തോമസ് ക്ലിന്റിന് കൊച്ചിയിൽ നിത്യസ്‌മാരകമൊരുക്കി ജിസിഡിഎ. ക്ലിന്റ് വരച്ച രചനകളിൽനിന്ന് തെരഞ്ഞെടുത്ത 101 ചിത്രങ്ങളും ജീവിതരേഖയും ഫോട്ടോഗ്രാഫുകളും പ്രദർശിപ്പിക്കുന്ന സ്ഥിരം ഗാലറി ജിസിഡിഎയുടെ ഗാന്ധിനഗർ ഷോപ്പിങ് കോംപ്ലക്‌സിൽ തുറന്നു. മൂവായിരം ചതുരശ്രയടി വിസ്‌തീർണത്തില്‍, ശീതീകരിച്ച ഗാലറിയുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്‌ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവഹിച്ചു.
മന്ത്രി പി രാജീവിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഉദ്‌ഘാടനസന്ദേശം വേദിയിൽ വായിച്ചു. ഒരുകോടി രൂപ ചെലവിലാണ് ഗാലറി സജ്ജമാക്കിയത്. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. ക്ലിന്റിന്റെ അമ്മ ചിന്നമ്മ ജോസഫ്, ടി ജെ വിനോദ് എംഎൽഎ, മേയർ വി കെ മിനിമോൾ, ചിത്രകാരൻ ടി കലാധരൻ, ഗാലറിയുടെ ക്യുറേറ്റർ ബോണി തോമസ്, ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, എ ബി സാബു, സെക്രട്ടറി എം വി ഷാരി എന്നിവർ സംസാരിച്ചു. കെ രാജഗോപാൽ രചിച്ച ശലഭഗീതങ്ങൾ എന്ന കവിത ദാമോദർ ഗോപാൽ ആലപിച്ചു. ഗാലറി നിർമാണത്തിലും സജ്ജീകരണത്തിലും പ്രധാന പങ്കുവഹിച്ചവർക്ക് കെ ചന്ദ്രൻപിള്ള സ്മരണികകള്‍ നല്‍കി.
കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തോടുചേർന്നുള്ള ജിസിഡിഎ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒന്നാംനിലയിലാണ് ഗാലറി. ക്ലിന്റിന്റെ രചനകളും ഫോട്ടോഗ്രാഫുകളും പ്രദർശിപ്പിച്ചിട്ടുള്ള വലിയഹാളിന് പുറമെ ഗാലറി സന്ദർശിക്കുന്ന കുട്ടികൾക്ക് ചിത്രം വരയ്‌ക്കാനും പ്രദർശിപ്പിക്കാനുമുള്ള ഹാൾ, സിനിമപ്രദർശനത്തിന് തിയറ്റർ, ഓഫീസ്, കഫെറ്റീരിയ, ശുചിമുറി, ഇരിപ്പിടസൗകര്യം എന്നിവയും ഒരുക്കി. ഞായർ ഒഴികെ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഗാലറി പ്രവർത്തിക്കും.










0 comments