രാസ അപകടങ്ങളെ നേരിടാൻ സുസജ്ജമായി സിയാൽ

നെടുമ്പാശേരി
അപകടത്തിൽപ്പെടുന്ന ടാങ്കറിൽനിന്ന് രാസപദാർഥം ചോർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയാൽ ഉണ്ടാകാനിടയുള്ള അപകടം ഒഴിവാക്കാൻ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണവകുപ്പും ജില്ലാ ഭരണകേന്ദ്രവും വിമാനത്താവള സുരക്ഷാ വിഭാഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ചൊവ്വ പകൽ രണ്ടുമുതൽ അഞ്ചുവരെയായിരുന്നു സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ച് മോക്ക് ഡ്രിൽ നടത്തിയത്. പ്രദേശത്തെ ഐസൊലേറ്റ് ചെയ്യൽ, യാത്രക്കാരെ നിയന്ത്രിക്കുക, അടിയന്തര മെഡിക്കൽ ട്രയേജ് ഏരിയ തയ്യാറാക്കുക, ആശയവിനിമയവും ആജ്ഞകളും രുപീകരിക്കുക എന്നീ നടപടികളാണ് ഡ്രില്ലിൽ നടന്നത്. വിവിധ വകുപ്പുകൾക്കൊപ്പം 13 ഡോക്ടർമാരും അഞ്ച് ആംബുലൻസുകളുമടങ്ങുന്ന സംയുക്ത മെഡിക്കൽസംഘവും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.
വൈകിട്ട് 4.30ന് അവലോകനയോഗവും ചേർന്ന് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. മോക്ക് ഡ്രിൽ എല്ലാ ഏജൻസികളുമായുള്ള ഏകോപനം ശക്തിപ്പെടുത്തുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ എമർജൻസി പ്രോട്ടോകോളുകൾ പര്യാപ്തമാണെന്ന് തെളിയിച്ചതായി സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു.










0 comments