ചന്ദർകുഞ്ജ് ടവർ പുനർനിർമാണത്തിന് ആവശ്യം 211 കോടി , ഒഴിപ്പിക്കൽ 2 മാസത്തിനകം

കൊച്ചി
വെെറ്റിലയിലെ ചന്ദർകുഞ്ജ് ഇരട്ട ടവർ പൊളിച്ചുനീക്കി പുനർനിർമിക്കാൻ 211.49 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ഹെെക്കോടതിയിൽ സത്യവാങ്മൂലം. താമസക്കാരെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നും കലക്ടർ എൻ എസ് കെ ഉമേഷ് സത്യവാങ്മൂലത്തിൽ അറിയിച്ചു.
കെട്ടിടം ജൂലൈ 31നകം പൂർണമായും ഒഴിപ്പിക്കാനാണ് നിർദേശം. ഒഴിപ്പിക്കലും പുനരധിവാസവും അടക്കം നാലുഘട്ടങ്ങളിലായി നടത്തുന്ന പദ്ധതികൾ സംബന്ധിച്ച വിശദീകരണവും സത്യവാങ്മൂലത്തിലുണ്ട്. പുനർനിർമാണ ചെലവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റും സമർപ്പിച്ചു. 2026 ഏപ്രിൽ ഒന്നിന് നിർമാണം തുടങ്ങി 2029 ഒക്ടോബർ 31ന് പൂർത്തിയാക്കാനാണ് ശ്രമം. വീട്ടുസാധനങ്ങൾ മാറ്റുന്നതിനടക്കം ഓരോ കുടുംബത്തിനും 30,000 രൂപവീതം നൽകാൻ നിർദേശമുണ്ട്. ഫ്ലാറ്റ് മടക്കിനൽകി പണം തിരികെ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക റസിഡന്റ്‌സ് അസോസിയേഷൻ കെെമാറിയിട്ടുണ്ട്. ഇവരുമായി ചർച്ചനടത്താൻ ആർമി വെൽഫെയർ ഹൗസിങ് ഓർഗനെെസേഷൻ (എഡബ്ല്യുഎച്ച്ഒ) എംഡിയോട് നിർദേശിച്ചു.
പുതിയ ടവറുകളുടെ നിർമാണവുമായി ബന്ധപ്പെട്ട അനുബന്ധപ്രവൃത്തികൾക്ക് അതത് വകുപ്പുകൾക്ക് അപേക്ഷ നൽകാനും നിർദേശിച്ചു. കൂടാതെ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർമാർ, നിർമാണ വിദഗ്‌ദർ, താമസക്കാരുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി രണ്ട് ഉപസമിതികൾ രൂപീകരിച്ചതായും കലക്ടർ അറിയിച്ചു.










0 comments