ad
Deshabhimani

ചന്ദർകുഞ്ജ്‌ നിർമാണ അഴിമതി ; സിബിഐ അന്വേഷണം
 ആവശ്യപ്പെട്ട്‌ ഹർജി

chandarkunj flat
വെബ് ഡെസ്ക്

Published on May 22, 2025, 03:49 AM | 1 min read


കൊച്ചി

വൈറ്റില സിൽവർസാൻഡ്‌ ഐലൻഡിലെ ഇരട്ട ടവറുകളുടെ തകർച്ചയ്‌ക്ക്‌ കാരണമായ നിർമാണ അഴിമതി സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ ഹർജി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഇതുസംബന്ധിച്ച പരാതിയിൽ കേന്ദ്ര പ്രതിരോധ സെക്രട്ടറി എന്ത്‌ നടപടിയെടുത്തു എന്നറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട്‌ നിർദേശിച്ചു. കേസ്‌ ജൂൺ മൂന്നിന്‌ പരിഗണിക്കാൻ ജസ്റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ മാറ്റി. ഫ്ലാറ്റ്‌ പൊളിച്ച്‌ പുനർനിർമിക്കാനുള്ള ഹൈക്കോടതി വിധി സമ്പാദിച്ച റിട്ട. കേണൽ സിബി ജോർജാണ്‌ ഈ ഹർജിയും നൽകിയത്‌.


26 നിലകൾവീതമുള്ള ഇരട്ട ടവറുകൾ നിർമിച്ചുനൽകിയ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്‌ഒ) മാനേജിങ് ഡയറക്‌ടർ വികാസ്‌ സാഹ്‌നി, മുൻ പ്രോജക്‌ട്‌ ഡയറക്‌ടർ മുരളീധരൻനായർ, ചന്ദർകുഞ്ജ്‌ ഓണേഴ്‌സ് അസോസിയേഷന്റെ മുമ്പത്തെയും ഇപ്പോഴത്തെയും പ്രസിഡന്റുമാർ, ടവറുകളുടെ നിർമാണത്തകർച്ച ആദ്യം പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകിയ സ്വകാര്യ ഏജൻസി ബ്യൂറോ വെരിറ്റാസ്‌ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ്‌ ഹർജി. സൈനികരുടെയും മുൻ സൈനികരുടെയും ക്ഷേമത്തിനെന്ന പേരിൽ പ്രവർത്തിക്കുന്ന എഡബ്ല്യുഎച്ച്‌ഒ രാജ്യത്താകെ ഇത്തരം പ്രോജക്‌ടുകൾ നടപ്പാക്കിയിട്ടുണ്ടെന്നും സമാനപരാതികൾ മുമ്പും ഉയർന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.


കരസേനയിലെ ഉന്നതറാങ്കിലുള്ളവർ ഉൾപ്പെട്ട ഗവേണിങ് ബോഡിയാണ്‌ സൊസൈറ്റീസ്‌ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത എഡബ്ല്യുഎച്ച്‌ഒയെ നിയന്ത്രിക്കുന്നത്‌. ശിൽപ്പ പ്രോജക്‌ട്‌സ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചറിനായിരുന്നു ടവറുകളുടെ നിർമാണച്ചുമതല. സൈനികർ, വിമുക്തഭടന്മാർ, സൈനികരുടെ വിധവകൾ, യുദ്ധരക്തസാക്ഷികളുടെ കുടുംബം തുടങ്ങിയവരാണ്‌ ചന്ദർകുഞ്ജിലെ താമസക്കാർ. 2018ൽ നിർമാണം പൂർത്തിയായ അപ്പാർട്‌മെന്റുകൾ 50 ലക്ഷംമുതൽ 75 ലക്ഷംവരെ നൽകിയാണ്‌ വാങ്ങിയത്‌. 2019 മുതൽ ടവറുകളിൽ ചോർച്ചയും പൊളിഞ്ഞുവീഴലും തുടങ്ങി. നിർമാണത്തിലെ അപാകമാണ്‌ തകർച്ചയ്‌ക്ക്‌ കാരണമെന്ന്‌ ഐഐടി മദ്രാസ്‌ ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളും ഏജൻസികളും നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home