ചന്ദർകുഞ്ജ് ആർമി ടവർ
പൊളിക്കൽ കരാർ വൈകിച്ചാൽ കോടതിയലക്ഷ്യ നടപടി: കലക്‌ടർ


സ്വന്തം ലേഖകൻ
Published on Jun 10, 2026, 12:43 AM | 1 min read
കൊച്ചി
ചന്ദർകുഞ്ജ് ആർമി ടവറുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാൻ തെരഞ്ഞെടുത്ത മുംബൈ കന്പനിയുമായി ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്‌ഒ) ഒരാഴ്‌ചയ്‌ക്കകം കരാറിൽ ഒപ്പിടണമെന്ന് കലക്ടർ അധ്യക്ഷയായ സമിതി. വീഴ്‌ചവരുത്തിയാൽ എഡബ്ല്യുഎച്ച്‌ഒക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാനും ടവർ പൊളിക്കൽ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോകാനും കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചതായി കലക്‌ടർ ജി പ്രിയങ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിർമാണപ്പിഴവുമൂലം തകർന്ന ഇരട്ട ടവറുകൾ പൊളിച്ചുനീക്കാൻ മുംബൈയിലെ എഡിഫസ് എൻജിനിയറിങ്ങിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ടവറുകൾ നിർമിച്ച എഡബ്ല്യുഎച്ച്‌ഒയാണ് അവരുമായി കരാറിലെത്തേണ്ടത്. കരാറിലെത്തുകയോ അതിനാവശ്യമായ പണം ഹൈക്കോടതി നിർദേശപ്രകാരം കലക്‌ടർ അധ്യക്ഷയായി രൂപീകരിച്ച സമിതിക്ക് നൽകുകയോ വേണമെന്ന് എഡബ്ല്യുഎച്ച്‌ഒയോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമറിയിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ് ഒരാഴ്‌ചയ്‌ക്കകം തീരുമാനമറിയിക്കാൻ ചൊവ്വാഴ്‌ച ചേർന്ന യോഗം ആവശ്യപ്പെട്ടത്. ജില്ലാ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഉത്തരവുകൾ ബുധനാഴ്‌ച അവർക്ക് നൽകും.
വീഴ്‌ചവരുത്തിയാൽ ടവർ പൊളിച്ചുനീക്കലുമായി സമിതി മുന്നോട്ടുപോകും. എഡബ്ല്യുഎച്ച്‌ഒക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയൽചെയ്യും. കരാറിൽ ഒപ്പിട്ടാൽ ആറുമാസത്തിനകം ടവറുകൾ പൊളിച്ചുനീക്കൽ പൂർത്തിയാകുമെന്നും കലക്‌ടർ പറഞ്ഞു.
പൊളിക്കുന്ന സ്ഥാനത്ത് പുതിയത് നിർമിക്കാനുള്ള പദ്ധതിക്ക് കൺസൾട്ടൻസിയെ കണ്ടെത്താൻ പരസ്യം നൽകുന്നത് ഉൾപ്പെടെ ചെലവിലേക്ക് അഞ്ച് ലക്ഷം രൂപയും എഡബ്ല്യുഎച്ച്‌ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുതവണ കൺസൾട്ടൻസിയെ ക്ഷണിച്ചിട്ടും യോഗ്യരെ കിട്ടിയില്ല. പണം ഒരാഴ്‌ചയ്‌ക്കകം എഡബ്ല്യുഎച്ച്‌ഒ അനുവദിക്കും.
ടവറുകളിൽനിന്ന് ഒഴിഞ്ഞ കുടുംബങ്ങൾക്ക് മാസംതോറും വാടക തുക കൃത്യമായി നൽകുന്നതിൽ എഡബ്ല്യുഎച്ച്‌ഒ വീഴ്‌ചവരുത്തുന്നതായി പരാതിയുണ്ട്. എല്ലാമാസവും പത്താം തീയതിക്കുമുന്പായി പണം നൽകണമെന്ന് നിർദേശം നൽകിയതായും കലക്ടർ പറഞ്ഞു.
വിമുക്തഭടന്മാർക്കുവേണ്ടി നിർമിച്ച 26 നിലകൾവീതമുള്ള ഇരട്ട ടവറുകളിൽ 204 അപ്പാർട്‌മെന്റുകളിൽ 152 എണ്ണത്തിലാണ് താമസക്കാരുണ്ടായിരുന്നത്.
മുഴുവൻപേരും മറ്റു സൗകര്യങ്ങളിലേക്ക് താമസം മാറ്റിയെങ്കിലും 24 കുടുംബങ്ങൾക്ക് ഇപ്പോഴും വാടകപ്പണം ലഭിക്കുന്നില്ലെന്ന പരാതിയും സമിതി ചർച്ച ചെയ്‌തു. പരാതിപ്പെട്ട കുടുംബങ്ങൾ സമർപ്പിച്ചിട്ടുള്ള രേഖകൾ എഡബ്ല്യുഎച്ച്‌ഒ പ്രതിനിധികൾകൂടി പങ്കെടുത്ത് 15 ന് ചേരുന്ന സമിതി യോഗം പരിശോധിക്കുമെന്നും കലക്ടർ അറിയിച്ചു.
ഒരാഴ്‌ച സമയം നൽകി
താമസമൊഴിഞ്ഞ കുടുംബങ്ങൾക്കുള്ള മാസ വാടക 10നുമുമ്പ‍് നൽകണം









0 comments