നൂറിന്റെ നിറവിലേക്ക് ടി പി പീതാംബരൻ

ടി പി പീതാംബരൻ

സ്വന്തം ലേഖകൻ
Published on Apr 22, 2026, 12:59 AM | 1 min read
പള്ളുരുത്തി
രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും മുൻ എംഎൽഎയുമായ ടി പി പീതാംബരൻ മാസ്റ്റർ നൂറിന്റെ നിറവിലേക്ക്. വ്യാഴാഴ്ച 99–-ാം ജന്മദിനം ആഘോഷിക്കും. ദശകങ്ങൾനീണ്ട രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും അധ്യാപനത്തിലൂടെയും കേരള പൊതുസമൂഹത്തിന് പരിചിതനായ ടി പി പീതാംബരൻ മാസ്റ്റർ, പള്ളുരുത്തിയുടെ മുഖമുദ്രയാണ്. പക്വതയാർന്ന നിലപാടുകളും ലാളിത്യവുംകൊണ്ട് എന്നും വേറിട്ടുനിന്നു. ദീർഘകാലം പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിലെ അധ്യാപകനും കുറച്ചുകാലം പ്രധാന അധ്യാപകനുമായിരുന്നു.
മഹാരാജാസ് കോളേജ് വിദ്യാർഥിയായിരിക്കേ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് മാറി. എന്നും സോഷ്യലിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചുനിന്നു. ഇന്ത്യൻ സോഷ്യലിസ്റ്റ് പാർടിയിലും പിന്നീട് പ്രജ സോഷ്യലിസ്റ്റ് പാർടിയിലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു. കോൺഗ്രസ് എസ് അഖിലേന്ത്യാ സെക്രട്ടറി ആയിരിക്കേ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർടി (എൻസിപി) രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ, ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ അഖിലേന്ത്യ സെക്രട്ടറിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളായ ടി പി പീതാംബരൻ, നിയമസഭയിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 1980 മുതൽ പള്ളുരുത്തി മണ്ഡലത്തിൽ നിന്ന് മൂന്നുതവണ എംഎൽഎ ആയി.
വിശ്രമത്തിനിടയിലും രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ ചലനങ്ങൾ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. വായനയും ലളിതമായ ജീവിതശൈലിയും ഇന്നും പിന്തുടരുന്നു. ശിഷ്യരും സാംസ്കാരിക സംഘടനകളും ചേർന്ന് രാവിലെ 10ന് വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഭാര്യ: പരേതയായ തങ്കമ്മ (റിട്ട. ഹൈസ്‌കൂൾ അധ്യാപിക). മക്കൾ: സുമൻ, സജൻ, സുധ, സുധൻ. മരുമക്കൾ: സുധീരാദേവി, സുമിത, രാജീവ്, വിജി.









0 comments