പഠനം പാടുപെടും: അധ്യാപകർ സെൻസസിന്

കൊച്ചി
അധ്യയന വർഷത്തിന്റെ തുടക്കംതന്നെ അധ്യാപകർക്കും വിദ്യാർഥികൾക്കും ‘പണി’കൊടുത്ത് സെൻസസ്. സെൻസസ് നടപടികൾക്കായി അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പാഠ്യപ്രവർത്തനങ്ങൾ താളംതെറ്റുന്ന സാഹചര്യമാണ്. അധ്യാപകർക്ക് അമിത ജോലിഭാരവും വിദ്യാർഥികൾക്ക് വിലപ്പെട്ട അധ്യയനസമയവും ഇതോടെ നഷ്ടമാകും. ജില്ലയിലെ ഓരോ സ്കൂളിലെയും 50 ശതമാനത്തിലധികം അധ്യാപകര്‍ക്കും സെന്‍സസ് ചുമതലയുണ്ടെന്നാണ് വിവരം. ഡ്യൂട്ടി ലീവ് അനുവദിക്കാതെയാണ് സെൻസസ് ചുമതല നൽകിയിരിക്കുന്നത്. ഇതോടെ വൈകിട്ടും അവധിദിവസങ്ങളിലും ചുമതല നിര്‍വഹിക്കേണ്ട അവസ്ഥയാണ്. ഇത്തരം സാഹചര്യം സുഗമമായി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രയാസം സൃഷ്ടിക്കും.
ജൂലൈമുതല്‍ വിവരശേഖരണം നടത്തേണ്ടിവരുമെന്ന് പറയുന്നെങ്കിലും എന്നുമുതലാണ് സെന്‍സസ് ചുമതല നിര്‍വഹിക്കേണ്ടതെന്നതിലും അവ്യക്തത തുടരുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ പകരം അധ്യാപകരെ നിയമിക്കുന്നതിലും തീരുമാനമായിട്ടില്ല. കൂടാതെ സ്കൂൾ ഓഫീസുകളിലെ ക്ലറിക്കൽ ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് പ്രവേശന നടപടികളുടെയും താളംതെറ്റിച്ചു. സെൻസസിന്റെ പേരിൽ അധ്യാപകരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയും തടഞ്ഞ നിലയിലാണ്. ഇവ വേഗത്തിലാക്കാന്‍ നടപടി വേണമെന്നും അധ്യാപകര്‍ പറയുന്നു.
ധർണ ഇന്ന്
കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധന്‍ വൈകിട്ട് നാലിന് കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് അധ്യാപകരുടെ ധർണ സംഘടിപ്പിക്കും. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്യും. സെൻസസ് ചുമതലയ്‌ക്ക് നിയോഗിക്കപ്പെട്ടവർക്ക് പകരമായി ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ സ്ഥലംമാറ്റം, പ്രമോഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുക, ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുക, പരിഷ്‌കരിച്ച പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.










0 comments