ad
Deshabhimani

നഗരത്തിൽ അനധികൃത ഓട്ടോറിക്ഷ സർവീസ് ; 174 പേർക്കെതിരെ കേസെടുത്തു

parking
വെബ് ഡെസ്ക്

Published on Jan 24, 2026, 12:58 AM | 1 min read


തൃക്കാക്കര

കൊച്ചി നഗരത്തിൽ രാത്രിയിൽ അനധികൃത ഓട്ടോറിക്ഷകൾ പിടിക്കാൻ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 174 പേർക്കെതിരെ കേസെടുത്തു. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണ് കലക്ടറും ആർടിഒ എൻഫോഴ്സ്മെന്റും ചേർന്ന് പരിശോധന സംഘടിപ്പിച്ചത്.


എറണാകുളം എൻഫോഴ്‌സ്മെന്റ് ആർടിഒ ബിജു ഐസക്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞ് എംജി റോഡ്, വൈറ്റില, സൗത്ത് റെയിൽവേ സ്റ്റേഷൻ, ഹൈക്കോർട്ട് ജങ്‌ഷൻ, കലൂർ-–കതൃക്കടവ് റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.


365 ഓട്ടോകളിൽ നടത്തിയ പരിശോധനയിൽ ഇതരജില്ലകളിൽനിന്നെത്തി രാത്രികളിൽ അനധികൃത സർവീസ് നടത്തിയതിന് 20 ഓട്ടോഡ്രൈവർമാരെ പിടികൂടി. കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്.


പിടിച്ചെടുത്ത 72 ഓട്ടോകൾ ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തിയിരുന്നത്. ഫിറ്റ്നസ് ഇല്ലാത്ത 15 ഓട്ടോകളും നികുതി അടയ്‌ക്കാത്ത 10 എണ്ണവും ഇൻഷുറൻസ് ഇല്ലാത്ത ഒന്നും കണ്ടെത്തി. പെർമിറ്റ് കാലാവധി കഴിഞ്ഞ 12 ഓട്ടോകളും സർവീസ് നടത്തിയിരുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച ഏഴുപേർക്കെതിരെ കർശനനടപടി സ്വീകരിച്ചു. നമ്പർപ്ലേറ്റ് ഇല്ലാത്ത 15 ഓട്ടോകളും അമിതപ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച 10 ഓട്ടോകളും പിടിച്ചു.


നിയമം അനുശാസിക്കുംവിധം സൗഹാർദപരമായി ഓട്ടോഡ്രൈവർമാർ നഗരത്തിൽ സർവീസ് നടത്തണമെന്ന്‌ കലക്ടർ ജി പ്രിയങ്ക പറഞ്ഞു. തുടർന്നും രാത്രിപരിശോധന ശക്തമാക്കുമെന്ന് ആർടിഒ ബിജു ഐസക് അറിയിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home