35 കിലോഗ്രാം കഞ്ചാവുമായി 7 പേർ പിടിയിൽ

ആലുവ
ആലുവയിൽ പൊലീസിന്റെ നേതൃത്വത്തിൽ രണ്ടിടത്ത് നടന്ന പരിശോധനയില്‍ വൻതോതില്‍ കഞ്ചാവ് പിടിച്ചെടുത്തു.
35 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഒരു മലയാളിയും 6 ഇതര സംസ്ഥാന തൊഴിലാളികളും ആലുവ പൊലീസിന്റെ പിടിയിലായി. ഓട്ടോറിക്ഷയിൽ 25 കിലോ കഞ്ചാവുമായി വന്ന പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരാണ് തോട്ടക്കാട്ടുകരയില്‍ വെച്ച് ആദ്യം പിടിയിലായത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ഓട്ടോയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വെച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി.
ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം അങ്കമാലിയിൽ എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ ആലുവയിലേക്ക് കൊണ്ടു വരുമ്പോഴാണ് ആദ്യസംഘം പിടിയിലായത്. ആസാദിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. കിലോയ്ക്ക് 18000 രൂപ നിരക്കിലാണ് ആസാദിന് കഞ്ചാവ് നൽകിയിരുന്നത്. അങ്കമാലിയിൽ നിന്ന് ഓട്ടോയിൽ കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് ദേശത്തു വെച്ച് രണ്ടാമത്തെ സംഘം പിടിയിലായത്.
ഡാൻസാഫ് ടീം, പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഡിവൈഎസ്പിമാരായ ജെ ഉമേഷ് കുമാർ, ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, എസ്ഐമാരായ വന്ദന കൃഷ്ണ, അജിത് കുമാർ, വി ആർ വിഷ്ണു, കെ കെ സജീഷ്, ടി അനൂപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടിച്ചത്. ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ 375 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചത്.










0 comments