ഓണമുണ്ട് മടങ്ങുന്നവരെ പിഴിയാൻ അന്തർസംസ്ഥാന ബസുകൾ

എഐ ചിത്രം

സ്വന്തം ലേഖകൻ
Published on Aug 28, 2026, 03:33 AM | 1 min read
കൊച്ചി
ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവരെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ കൂട്ടി അന്തർസംസ്ഥാന ബസുകൾ. എറണാകുളത്തുനിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സ്വകാര്യ ബസ് സര്‍വീസുകളുള്ളത്. അവധി കഴിഞ്ഞ് കൂടുതൽപേർ മടങ്ങുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉയർന്ന നിരക്ക്.
സാധാരണ ദിവസങ്ങളില്‍ 900 മുതല്‍ 1,300 രൂപവരെയാണ് എറണാകുളം–ബംഗളൂരു എസി, നോണ്‍ എസി ബസ് നിരക്ക്. കെഎസ്ആര്‍ടിസി സൂപ്പർ ഡീലക്സ് എയർ ബസിൽ 740 രൂപയും എസി ബസിൽ 1,144 രൂപയും എസി സ്ലീപ്പര്‍ മള്‍ട്ടി ആക്സില്‍ ഗജരാജ് സ്വിഫ്റ്റില്‍ 1,126 രൂപയുമാണ്. ഞായറാഴ്ച ഇൗ റൂട്ടിൽ സ്വകാര്യബസ് നിരക്ക് 1,800 മുതൽ 4,350 രൂപവരെയായി. കെഎസ്ആര്‍ടിസിയില്‍ 1,120 മുതല്‍ 2,442 രൂപവരെയാണ്. നിരക്ക് കൂടുതലാണെങ്കിലും ഇൗ ദിവസങ്ങളിലെ കെഎസ്‌ആർടിസി ബസുകളിലും ടിക്കറ്റ് കിട്ടാനില്ല. ട്രെയിനുകളിലും ബുക്കിങ് ഫുള്ളാണ്.
എറണാകുളത്തുനിന്ന് ചെന്നെെയിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് സാധാരണ 1,295 രൂപയാണെങ്കില്‍ ഞായർ, തിങ്കൾ ദിവസങ്ങളിലിത് 3,900ലേക്ക് ഉയർന്നു. ഹൈദരാബാദിലേക്കുള്ള ബസ് നിരക്ക് 2,600ൽനിന്ന് 4,400 രൂപവരെയായി. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കുറവായതിനാൽ സ്വകാര്യ ബസുകളെയും ട്രെയിനുകളെയുമാണ് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത്. ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ അന്തര്‍സംസ്ഥാന ബസുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കിൽ യാത്രചെയ്യേണ്ട സാഹചര്യമാണ്.
വിമാനത്തിലും രക്ഷയില്ല
കൊച്ചി–ബംഗളൂരു വിമാന ടിക്കറ്റ് നിരക്കും ഇൗ ദിവസങ്ങളിൽ 7,650 രൂപമുതൽ 14,645 രൂപവരെയാണ്. സാധാരണ ദിവസങ്ങളിലിത് 4,227 രൂപമുതൽ 6,415 രൂപവരെയാണ്. ഓണം ആഘോഷിക്കാൻ ഉയർന്ന യാത്രാനിരക്ക് നൽകി നാട്ടിലേക്കെത്തിയവർക്ക് തിരിച്ചുപോകാനും വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്.









0 comments