ad
Deshabhimani

കാനറികൾ കൊച്ചിയിലിറങ്ങുന്നു

brazil
avatar
സ്വന്തം ലേഖകൻ

Published on Jul 30, 2026, 03:27 AM | 1 min read

കൊച്ചി


ടിവി സ്ക്രീനിൽ മാത്രംകണ്ട് നെഞ്ചേറ്റിയ കാൽപ്പന്തുകളിയുടെ രാജാക്കന്മാര്‍ ഇനി നമ്മുടെ തൊട്ടുമുന്നിൽ പന്തുതട്ടും. ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന മലയാളി ആരാധകർക്കായി കൊച്ചിയിൽ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവുംവലിയ ഫുട്ബോൾ മാമാങ്കം.


2002-ൽ ലോകത്തെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി കിരീടം ചൂടിയ ബ്രസീലിന്റെ ‘സുവർണ തലമുറ' കൊച്ചിയില്‍ വിമാനമിറങ്ങുകയാണ്. സെപ്തംബര്‍ 20-ന് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ, ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും കൊമ്പുകോർക്കും.


മൈതാനത്ത് പന്തുകൊണ്ട് കവിത രചിച്ച റൊണാൾഡീഞ്ഞോയുടെ പന്തടക്കവും മായാജാലവും നേരിട്ട് കാണാൻ കാത്തിരുന്നവർക്ക് ഇത് സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ നിമിഷമാണ്. കൂട്ടിന് ബ്രസീലിയൻ മുന്നേറ്റനിരയിലെ എൻജിനെന്ന് വിശേഷിപ്പിക്കാവുന്ന റിവാൾഡോയും ചേരുമ്പോൾ ഗ്യാലറി ഇളകിമറിയും എന്നതിൽ സംശയമില്ല. ഇവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ എന്നിവരടങ്ങുന്നതാണ് ബ്രസീൽ ടീം.


സാംബാ കരുത്തിനെ നേരിടാൻ നിസാരക്കാരുമായല്ല ഇന്ത്യൻ ഓൾ സ്റ്റാർസ് ടീം മൈതാനത്തിറങ്ങുക. ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരം ഐ എം വിജയൻ നയിക്കുന്ന ടീമില്‍ ജോ പോൾ അഞ്ചേരി, സി കെ വിനീത്, കെ ടി ചാക്കോ തുടങ്ങിയവർ അണിനിരക്കുമ്പോള്‍ ‘ഇന്ത്യൻ ഓൾ സ്റ്റാർസ്' കാനറിപ്പടയ്ക്ക് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ്, ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഡിസ്ട്രിക്ട്‌ ബൈ സൊമാറ്റോ ആപ് വഴി ടിക്കറ്റ് വില്‍പ്പന തകൃതിയാണ്. 750 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home