മസ്തിഷ്കാരോഗ്യം: അന്താരാഷ്ട്രസമ്മേളനം തുടങ്ങി

കൊച്ചി സർവകലാശാലയിൽ ട്രാൻസ്ലേഷണൽ ന്യൂറോസയൻസ് അന്താരാഷ്ട്ര സമ്മേളനം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കൊച്ചി സർവകലാശാല ബയോടെക്നോളജി വിഭാഗത്തിന് കീഴിലുള്ള സെന്റർ ഫോർ ന്യൂറോസയൻസിന്റെ 25–-ാം വാർഷികത്തോടനുബന്ധിച്ച് ട്രാൻസ്ലേഷണൽ ന്യൂറോ സയൻസ് അന്താരാഷ്ട്രസമ്മേളനം (ഐസിടിഎൻ - 2026) ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷനായി. മുഹമ്മദ് ഷിയാസ് എംഎൽഎ, രജിസ്ട്രാർ ഡോ. പി സി ഹരിഗോവിന്ദ്, ന്യൂറോസയൻസ് വിഭാഗം ഡയറക്ടർ ഡോ.ബേബി ചക്രപാണി തുടങ്ങിയവർ സംസാരിച്ചു.
നിംഹാൻസ്, ഐഐഎസ് സി എന്നിവയുടെ സഹകരണത്തോടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനവേദിയിൽ ഡോ.ബേബി ചക്രപാണി, ബംഗളൂരൂ ഐഐഎസ്‌സിയിലെ ഡോ. ദീപക് നായർ എന്നിവർ സംവദിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സെമിനാറും പ്രദർശനവും തിങ്കളാഴ്‌ച തുടങ്ങും. ബുധനാഴ്‌ചവരെ നടക്കുന്ന പരിപാടിയിൽ മസ്തിഷ്കാരോഗ്യ സെമിനാർ, ബ്രെയിൻ എക്സിബിഷൻ, ത്രിമാന മസ്തിഷ്ക ദൃശ്യാവിഷ്കാരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.









0 comments