print edition എൽനിനോയെ പഴിക്കാൻ വരട്ടെ; എൽനിനോയെ പഴിക്കാൻ വരട്ടെ; ഇതിലും മഴക്കുറവ് 2023ൽ, ആരും ഇരുട്ടത്തിരുന്നില്ല

വി ഡി സതീശൻ, സണ്ണി ജോസഫ്
സ്വന്തം ലേഖിക
Published on Sep 14, 2026, 02:45 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുട്ടിലാക്കിയതിന് ‘എൽനിനോ’യെ പഴിക്കുന്ന സർക്കാർവാദം പൊളിച്ച് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. മുന്പും എൽനിനോ വർഷങ്ങളിൽ ഇതിനേക്കാൾ കഠിനമായ വരൾച്ചയും മഴക്കുറവുമാണ് നേരിട്ടത്.
1951 മുതൽ 17 എൽനിനോ വർഷമുണ്ടായി. ഇതിൽ 2023ലും 1987ലുമാണ് മഴക്കുറവ് രൂക്ഷമായത്. 1987ൽ 34.4 ശതമാനവും 2023ൽ 34.3 ശതമാനവും സംസ്ഥാനത്ത് മഴക്കുറവ് രേഖപ്പെടുത്തി. എൽനിനോ ഏറ്റവും മോശമായി ബാധിച്ച വർഷമായിരുന്നു 2023. നാലുമാസം നീളുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ലഭിക്കേണ്ട 2,028.7 മില്ലിമീറ്റർ മഴയിൽ 1,326.1 മില്ലിമീറ്റർ മഴയാണ് പെയ്തത്. പക്ഷേ, വൈദ്യുതി ഒരു നിയന്ത്രണവുംകൂടാതെ ലഭ്യമാക്കി.

ഇത്തവണ മൺസൂൺ അവസാനിക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെ, സെപ്തംബർ 12 വരെയുള്ള കണക്ക് പ്രകാരം 1,373.8 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട് (27 ശതമാനം കുറവ്). അടുത്തയാഴ്‌ചയോടെ, ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മുൻവർഷങ്ങളിലെ എൽനിനോ മഴക്കുറവ് പരിശോധിക്കുമ്പോൾ നാലാംസ്ഥാനത്താണിത്. എന്നിട്ടും, മണിക്കൂറുകൾ സർക്കാർ വൈദ്യുതി നിയന്ത്രണം അടിച്ചേൽപ്പിക്കുന്നു.
എൽനിനോ വർഷമല്ലാതിരുന്നിട്ടും 2012ലും 2013ലും യുഡിഎഫ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2012ലെ മൺസൂൺ കാലയളവിൽ 24 ശതമാനം മഴക്കുറവുണ്ടായി. ഇതിന്റെ പേരിൽ 2013ൽ നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ, 2016-ൽ കേരളം എക്കാലത്തെയും വലിയ രണ്ടാമത്തെ ചൂടുകാലവും 33 ശതമാനം മഴക്കുറവും അതിജീവിച്ചു. എൽനിനോ വർഷമായ 2023-ലെ വരൾച്ചയ്ക്കുശേഷം 2024-ൽ പാലക്കാട് ഉൾപ്പെടെ ഉഷ്ണതരംഗവും അനുഭവപ്പെട്ടു. എന്നാൽ, അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ മുൻകരുതലിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായില്ല.









0 comments