ലോകമേ കാണൂ, ഇതാ പുതിയ ബ്രഹ്മപുരം

കൊച്ചി
മാലിന്യസംസ്‌കരണരംഗത്ത് കൊച്ചിയുടെ സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ, ശുചിത്വത്തിലേക്ക് നടത്തിയ കുതിപ്പിന്റെ നേർക്കാഴ്‌ചയായി ഇതാ പുതിയ ബ്രഹ്മപുരം. യുഡിഎഫ് മാലിന്യമലയാക്കിയ പ്രദേശത്തെ, പൂങ്കാവനമാക്കിത്തീർത്ത വിജയഗാഥ ലോകത്തോട് മേയർ എം അനിൽകുമാർ പങ്കുവച്ചത് അഭിമാനത്തോടെ. ആ വിവരങ്ങൾ നാട് കേട്ടത് അതിരില്ലാത്ത ആഹ്ലാദത്തോടെ.
ഞായറാഴ്‌ച രാവിലെ അനിൽകുമാർ ബ്രഹ്മപുരം സന്ദർശിച്ചു. അവിടെയെത്തിയ മാധ്യമങ്ങൾ കണ്ടത് മാറ്റങ്ങളുടെ മഹാത്ഭുത കാഴ്‌ചകൾ. ബ്രഹ്മപുരത്ത് എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി എന്തുചെയ്‌തെന്ന് ചോദിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾക്ക് മറുപടികൂടിയായി അത്.
മാലിന്യമലകൾ തച്ചുടച്ച് ബയോമൈനിങ്ങിലൂടെ വീണ്ടെടുത്തപ്പോൾ നാട് കണ്ടത് ഇതുവരെ കാണാത്ത ബ്രഹ്മപുരം. ചെത്തിയും ചെന്പരത്തിയുമെല്ലാം പൂത്തുനിൽക്കുന്നു. രാമച്ചം ഉൾപ്പെടെയുള്ള ചെടികളിലൂടെ ഹരിതഭംഗിയും കൈവരിച്ചു.
ഉദ്‌ഘാടനത്തിന് സജ്ജമാകുന്ന 150 ടൺ ശേഷിയുള്ള സിബിജി പ്ലാന്റിന്റെ പ്രവർത്തനം മേയർ വിശദീകരിച്ചു. നിലവിൽ പ്രവർത്തനം ആരംഭിച്ച രണ്ട് ബിഎസ്‌എഫ് പ്ലാന്റുകളും പരിചയപ്പെടുത്തി. 50 ടൺവീതം ശേഷിയുള്ളതാണ് പ്ലാന്റുകൾ. ബയോമൈനിങ് പൂർത്തിയാക്കിയ ആഹ്ലാദകരമായ വിവരവും മേയർ പങ്കുവച്ചു. വേസ്‌റ്റ് ടു എനർജി പ്ലാന്റ്, ആർഡിഎഫ് പ്ലാന്റ്, വിൻഡ്രോ പ്ലാന്റ് എന്നിവയെല്ലാം വരുന്നതോടെ ഒറ്റ കേന്ദ്രത്തിൽ ഇത്രയും മാലിന്യസംസ്‌കരണം നടക്കുന്ന രാജ്യത്തെ ആദ്യ ഇടമാകും ഇതെന്നും മേയർ പറഞ്ഞു. ബ്രഹ്മപുരത്ത് ഏതുഭാഗത്തേക്കും എത്തിച്ചേരാൻ കഴിയുംവിധത്തിൽ റോഡിന്റെ പകുതി നിർമാണം പൂർത്തിയാക്കി. കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഇൗ വികസനത്തിന് തുടർച്ചയുണ്ടാകണം : എം അനിൽകുമാർ
ബ്രഹ്മപുരത്ത് ഉൾപ്പെടെ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കിയെന്ന് എൽഡിഎഫ് കോർപറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർകൂടിയായ മേയർ എം അനിൽകുമാർ പറഞ്ഞു. ഇൗ വികസനത്തിന് തുടർച്ചയുണ്ടാകണം. അതുണ്ടാകുമെന്നാണ് എൽഡിഎഫിന്റെ ഉറച്ച വിശ്വാസമെന്നും അനിൽകുമാർ പറഞ്ഞു.










0 comments