അയ്യൻകുഴിയിലെ 9.5 ഏക്കർ ബിപിസിഎൽ ഏറ്റെടുക്കണം

കൊച്ചി
വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്തിലെ അയ്യൻകുഴിയിൽ 9.5 ഏക്കർ ഏറ്റെടുക്കണമെന്ന് ബിപിസിഎല്ലിനോട് ചീഫ് സെക്രട്ടറി ഡോ. എം ജയതിലകിന്റെ നിർദേശം. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് നിർദേശം. മലിനീകരണമുണ്ടെന്ന് കണ്ടെത്തിയാൽ സർക്കാരിന് വൻതുക പിഴ ഈടാക്കേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
നിലവിലുള്ള കേസിൽ സർക്കാർ വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകും. ലോഡ്ജിൽ താമസിക്കുന്ന 100 പേർ തൽക്കാലം അവിടെ തുടരും. മലിനീകരണ നിയന്ത്രണ ബോർഡ് പ്രദേശം നിരീക്ഷിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ബിപിസിഎൽ, കൊച്ചി റിഫൈനറി ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രവർത്തനംകാരണം പ്രദേശത്ത് മലിനീകരണം നടക്കുന്നതായും ജീവിതം ദുസ്സഹമാണെന്നും പരാതികൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമായിരുന്നു യോഗം.
പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. എച്ച്‌ഒസി, ഐഒസി കമ്പനി പ്രതിനിധികൾ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മുരുകേശൻ, സി ആർ പ്രകാശ്, ജനപ്രതിനിധികൾ, പ്രദേശവാസികളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.








0 comments