‘അവള്‍ക്കൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര’ പ്രകാശിപ്പിച്ചു
അതിജീവിത നേരിട്ടത് സമാനതകളില്ലാത്ത ഏകാന്തത: എന്‍ എസ് മാധവന്‍

മാധ്യമപ്രവർത്തകൻ ആർ റോഷിപാലിന്റെ ‘അവൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര' പുസ്തകം എൻ എസ് മാധവൻ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ പ്രകാശിപ്പിക്കുന്നു
കൊച്ചി
കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ അതിക്രമവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഹോളിവുഡിലെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ വിവാദവുമായി സമാനതകളുള്ളതാണെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മാധ്യമപ്രവർത്തകൻ ആർ റോഷിപാല്‍ എഴുതിയ ‘അവള്‍ക്കൊപ്പം ഒരു മാധ്യമ പ്രവർത്തകന്റെ അന്വേഷണയാത്ര’ പുസ്തകം എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
2017 ഫെബ്രുവരി 17-ന് ആരംഭിച്ച "ആ കറുത്ത നിമിഷംമുതല്‍' അതിജീവിതയ്ക്ക് അനുഭവിക്കേണ്ടിവന്നത് കടുത്ത ഏകാന്തതയും അവിശ്വാസവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് മാധവന്‍, ഭാഗ്യലക്ഷ്മി, ആന്റോ അഗസ്റ്റിന്‍, നടിയുടെ സഹോദരന്‍ ജയദേവന്‍, രവി ഡിസി, ഫാ. എമില്‍ പുള്ളിക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശിപ്പിച്ചു. നടിയുടെ വീഡിയോസന്ദേശവും ഉണ്ടായിരുന്നു.
‘ഉന്നത രാഷ്‌ട്രീയനേതാവിന്റെ കപടമുഖം’ എന്ന അധ്യായത്തിൽ വെള്ളക്കുപ്പായമിട്ട നേതാവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ‘‘നടിയെ ആക്രമിച്ച കേസ് എവിടെയും എത്തില്ല. കുറച്ചുദിവസം കഴിഞ്ഞാൽ എല്ലാവരും മറക്കും. ബാലചന്ദ്രകുമാർ നല്ല തട്ടിപ്പുകാരനാണ്. അയാളെ വിശ്വസിക്കാൻ കഴിയില്ല’’– ഇങ്ങനെ ഇൗ നേതാവ് പറഞ്ഞു. ജനനേതാക്കൾ എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമായി ഇൗ നേതാവിനെ രചയിതാവ് ചൂണ്ടിക്കാട്ടുന്നു. ഇൗ മാന്യനെ കാലം തുറന്നുകാട്ടുമെന്ന് ഉറപ്പാണെന്നും പുസ്‌തകം പറഞ്ഞുവയ്‌ക്കുന്നു.









0 comments