റോഡ് കൈയേറി സ്ലാബിടാൻ ഒത്താശ
ബിജെപി കൗൺസിലർ രാജിവയ്‌ക്കണം

ചട്ടവിരുദ്ധമായി ബിജെപി കൗൺസിലറുടെ വാർഡിൽ സ്ഥാപിച്ച സ്ലാബുകൾ ജെസിബി ഉപയോഗിച്ച് തിരിച്ചെടുക്കുന്നു (ഫയൽ ചിത്രം)
പെരുമ്പാവൂർ
സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ബിജെപി കൗൺസിലർ ശാലു ശരത് രാജിവയ്‌ക്കണമെന്ന് എൽഡിഎഫ് കൗൺസിൽ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി തന്റെ വാർഡിലെ ബഹുനില വ്യാപാര സമുച്ചയത്തിനു മുന്നിലാണ് സ്ലാബുകൾ ഇട്ടുനൽകിയത്. പിഡബ്ല്യുഡി റോഡ് കൈയേറിയാണ് കാന പണിതതെന്നും ആക്ഷേപമുണ്ട്. ഉടമ നൽകിയ സ്വകാര്യവാഹനത്തിൽ കണ്ടിൻജന്റ് ജീവനക്കാരെ ഉപയോഗിച്ച് നഗരസഭയുടെ സ്ലാബുകൾ കൗൺസിലറുടെ നിർദേശപ്രകാരം കടത്തിക്കൊണ്ടുപോകുകയായിരുന്നു.
എൽഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തി. ശാലു ശരത്തിന് ജാഗ്രതക്കുറവുണ്ടായെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. ചട്ടവിരുദ്ധമായി സ്ഥാപിച്ച സ്ലാബുകൾ നഗരസഭ തിരിച്ചെടുത്തു. ഇതിനായി ജെസിബി വാടക ഇനത്തിലടക്കം വന്നിട്ടുള്ള ചെലവുകൾ ശാലു ശരത്തിൽനിന്നും ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കണമെന്നും എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
ശാലു ശരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും വിജിലൻസ് കോടതിയിലും ഓംബുഡ്‌സ്‌മാനും പരാതി സമർപ്പിച്ചതായി എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ വി പി ബാബു അറിയിച്ചു. വാർത്താസമ്മേളനത്തിൽ കൗൺസിലർമാരായ കെ പി റെജിമോൻ, എൽദോസ് വീണമാലി, കെ ബി നൗഷാദ്, ലത സുകുമാരൻ, ഹയറുന്നിസ നസീർ, വി ഒ ചെറിയാൻ, ഗസല സിറാജ്, സബീന നിഷാദ് എന്നിവർ പങ്കെടുത്തു.









0 comments