നൈതികതയിലേക്ക് കല്ലെറിയുന്ന ‘പീപ്പിയോ’

ആർട്ടിസ്റ്റ് അദിതി കുൽക്കർണിയും പായൽ ആര്യയും
കൊച്ചി
മനുഷ്യകുലത്തിന്റെ നൈതികതയെയും ഹിംസയെയും ചോദ്യംചെയ്‌ത് ‘പീപ്പിയോ: എ ബേർഡ് ഫ്ലൈസ്, എ സ്റ്റോൺ ഈസ് ത്രോൺ’ കലാപ്രതിഷ്ഠ. കൊച്ചി മുസിരിസ് ബിനാലെയുടെ കൊലാറ്ററൽ പ്രദർശനത്തിന്റെ ഭാഗമായി മട്ടാഞ്ചേരി ബസാർ റോഡ് ഫോർപ്ലേ സൊസൈറ്റിയിൽ ആരംഭിച്ച കലാപ്രതിഷ്ഠ ഇൻസ്റ്റലേഷൻ കലാകാരികളായ അദിതി കുൽക്കർണിയും പായൽ ആര്യയും ചേർന്നാണ് ഒരുക്കിയത്.
ഭിത്തിയിലെ വീഡിയോ ഇൻസ്റ്റലേഷനിൽനിന്നുള്ള കല്ലേറ് ദൃശ്യങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിക്കും. കഥാപാത്രങ്ങൾ അക്രമികളായും സാക്ഷികളായും ഇരകളായും മാറിമാറി പ്രത്യക്ഷപ്പെടുന്നുണ്ട്. അക്രമി, സാക്ഷി, ഇര ഇവരെയെല്ലാം ഒരുപോലെയാണ് കല്ല് പ്രതിനിധാനം ചെയ്യുന്നത്. കല്ലേറിന്റെ ദൃശ്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ, കാഴ്ചക്കാരും അതിന്റെ ഭാഗമാകുന്ന അനുഭവം സൃഷ്ടിക്കപ്പെടുന്നു.
2019–20ൽ ജർമനി ഫിലിം അക്കാദമി ബാഡൻ–-വുർട്ടംബെർഗിലെ റസിഡൻസിയുടെ ഭാഗമായി വികസിപ്പിച്ച ‘പീപ്പിയോ’ എന്ന ചലച്ചിത്രാവിഷ്കാരമാണിത്. ചരിത്രാതീതകാലംമുതൽ ഇന്നുവരെയുള്ള യുദ്ധങ്ങളെയും അവയ്ക്ക് സാക്ഷികളാകേണ്ടിവരുന്ന നിശബ്ദരായ മനുഷ്യരെയും പ്രദർശനം ഓർമിപ്പിക്കുന്നു.
മുറിയുടെ ഒരുവശത്ത് ചരിത്രപരമായ സംഭവങ്ങളും പ്രകൃതിക്ഷോഭങ്ങളും കാണിക്കുന്ന ടെലിവിഷൻ സെറ്റുകളും മറുവശത്ത് സാമൂഹിക അസമത്വങ്ങൾ വെളിപ്പെടുത്തുന്ന ഡൈനിങ് ഹാളുമാണ്. സമ്പന്നരുടെ മേശയിലെ അവശിഷ്ടങ്ങൾക്കായി പൊരുതുന്ന ദരിദ്രരുടെ ദൃശ്യങ്ങൾ കാഴ്ചക്കാരന്റെ മനസ്സിൽ നൊമ്പരം വിതയ്ക്കും. ആറുവിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കലാപ്രതിഷ്ഠയിൽ സമത്വം, ആഗോളരാഷ്ട്രീയം, ഉടൽ രാഷ്ട്രീയം, ദൗർബല്യം തുടങ്ങിയവയെ ആഴത്തിൽ പരിശോധിക്കുന്നുണ്ട്.










0 comments