ad
Deshabhimani

പരിമിതികളുടെ പെൺജീവിതങ്ങൾക്ക്‌ കീർത്തിയുടെ ശിൽപ്പഭാഷ

binale

മട്ടാഞ്ചേരി ഗാർഡൻ കൺവൻഷൻ സെന്ററിലെ 'ഇടം' പ്രദർശനത്തിൽ കീർത്തിയുടെ 'ദി ചേസ്ഡ്'എന്ന 
കലാപ്രതിഷ്ഠ

വെബ് ഡെസ്ക്

Published on Mar 26, 2026, 01:47 AM | 1 min read

കൊച്ചി


സ്ത്രീകളുടെ ഉന്നമനവും അവർ നേരിടുന്ന നിയന്ത്രണങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ ചർച്ചചെയ്‌ത്‌ ആർ കീർത്തിയുടെ ‘ദി ചേസ്ഡ്' കലാപ്രതിഷ്ഠ. കൊച്ചി- മുസിരിസ് ബിനാലെക്ക്‌ സമാന്തരമായി മട്ടാഞ്ചേരി ഗാർഡൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘ഇടം' പ്രദർശനത്തിലാണ്‌ തൃശൂർ ഗവ. ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിഎഫ്എ പൂർത്തിയാക്കിയ കീർത്തിയുടെ സൃഷ്‌ടി.


പ്രകൃതിയെപ്പോലെ സ്ത്രീയും ഒരേസമയം ആരാധിക്കപ്പെടുകയും ചൂഷണംചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന്‌ കീർത്തി ചൂണ്ടിക്കാട്ടുന്നു. സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയുടെയും ഗൗൺ ധരിച്ച മുതിർന്ന സ്ത്രീയുടെയും ശിരസ്സില്ലാത്ത സെറാമിക് ശിൽപ്പങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തും. അവർ നേരിടുന്ന സാമൂഹിക നിയന്ത്രണങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണിവിടെ.


ഫൈബർ, ടെറാക്കോട്ട, പേപ്പർ പൾപ്പ് എന്നിവയിൽത്തീർത്ത അഞ്ച് വലിയ ശിൽപ്പങ്ങൾ സ്ത്രീജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ പരിമിതികളെയും അടിച്ചേൽപ്പിക്കപ്പെടുന്ന ബാധ്യതകളെയും സൂചിപ്പിക്കുന്നു. അനീതികളുടെ വാർത്തകൾനിറഞ്ഞ പഴയ പത്രങ്ങൾകൊണ്ടുള്ള പേപ്പർപൾപ്പാണ് ശിൽപ്പനിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.


അലമാരയ്ക്കുള്ളിൽ അടുക്കിവച്ച ചെറിയ ശിൽപ്പങ്ങൾ കലാകാരിയുടെ സ്വകാര്യ ജീവിതത്തിന്റെ പരിച്ഛേദമാണ്. കഴിക്കാതെ മാറ്റിവച്ച ദോശയും ചായയും, പുസ്തകങ്ങൾ, മരുന്നുകൾ എന്നിവയ്ക്കൊപ്പം ഇരിക്കുന്ന സ്ത്രീരൂപങ്ങൾ എന്നിവയിലൂടെ താൻ കടന്നുപോയ മാനസികവും വൈകാരികവുമായ പ്രതിസന്ധികളെ സൂചിപ്പിക്കാനാണ്‌ ശ്രമിച്ചിരിക്കുന്നതെന്ന്‌ കീർത്തി പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home