കൊച്ചി മുസിരിസ് ബിനാലെ
ശാന്തതയേകും അബുള്‍ ഹിഷാമിന്റെ ഹീലിങ് റൂം

കൊച്ചി മുസിരിസ് ബിനാലെയിൽ അബുൾ ഹിഷാമിന്റെ "ഹീലിങ് റൂം'
കൊച്ചി
കൽക്കണ്ടം നിറച്ച ഒരു മൺപാത്രമാണ് കൊച്ചി- മുസിരിസ് ബിനാലെ 2025ലെ ആസ്പിന്‍വാള്‍ ഹൗസ് ഡയറക്ടേഴ്സ് ബംഗ്ലാവിലെ അബുള്‍ ഹിഷാമിന്റെ കലാസൃഷ്ടിയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. എന്നാൽ, "ഹീലിങ് റൂമി'ന്റെ അനുഭവം നുകരണമെങ്കിൽ സന്ദർശകർ ആദ്യം തലയൊന്നുകുനിക്കണം.
അര്‍ധവൃത്താകൃതിയിലുള്ള പ്രവേശന കവാടം അൽപ്പം താഴ്ന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സൃഷ്ടിയുടെ ഇടത്തിനുള്ളിലേക്ക് കടന്നാൽ, ഉയർന്ന മേൽക്കൂരയുള്ള ചതുരാകൃതിയിലുള്ള മുറിയും പെട്ടെന്ന് ശാന്തത പകരുന്ന രീതിയിൽ വിവിധ രൂപങ്ങളിൽ കൊത്തിയെടുത്ത് ക്രമീകരിച്ചിരിക്കുന്ന ഇരുണ്ട തവിട്ടുനിറമുള്ള തൂണുകളും കാണാം.
ചിത്രകലയും ശിൽപ്പകലയും സമന്വയിപ്പിക്കുന്ന ഹീലിങ് റൂമില്‍ കാഴ്ച, രുചി, ഗന്ധം, സ്പർശം, കേൾവി എന്നിവയെ അനുഭവവേദ്യമാകും. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മുറികളിൽ രണ്ടാമത്തേതിൽ ചിത്രങ്ങളും മൂന്നാമത്തേതിൽ നിരത്തിവച്ചിരിക്കുന്ന കളിമണ്‍ കുഴലുകളുമാണുള്ളത്. ജലധാരപോലെ പ്രവർത്തിക്കുന്ന ഇവയിൽനിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് സന്ദർശകർക്ക് നേരിയ തണുപ്പ് പകരുന്നു. ഒപ്പം കശ്മീരി ഊദിന്റെ സുഗന്ധവും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ട്.
വിവിധതരം അത്തറുകളെക്കുറിച്ചുള്ള നീണ്ട ഗവേഷണത്തിനുശേഷമാണ് ഈ സൃഷ്ടിയിലേക്കെത്തിയതെന്ന് ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂര്‍ സ്വദേശിയായ അബുള്‍ ഹിഷാം പറഞ്ഞു. തൃശൂർ ഫൈൻ ആർട്‌സ് കോളേജിലും ഹൈദരാബാദ് എസ്എൻ സ്കൂൾ ഓഫ് ആർട്ടിലും പഠനം പൂർത്തിയാക്കിയ അബുള്‍, 2021ൽ രണ്ടുവർഷത്തെ റെസിഡൻസി പ്രോഗ്രാമിനായി നെതർലൻഡ്‌സിലെത്തുകയും ശേഷം റെംബ്രാൻഡ് മ്യൂസിയം പ്രോജക്ടുമായി അവിടെ തുടരുകയും ചെയ്യുന്നു.
ബിനാലെ ‘കട' തുറന്നു
കൊച്ചി
കൊച്ചി -മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ വേദിയായ ആസ്പിൻവാൾ ഹൗസിൽ "ബിനാലെ കട' നടി റിമ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ബിനാലെ രാജ്യത്തുതന്നെ എല്ലാവരും ഏറ്റവും കാത്തിരിക്കുന്ന സാംസ്കാരിക വേദികളിലൊന്നാണെന്ന് അവർ പറഞ്ഞു. ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് തുടങ്ങിയവരും സംസാരിച്ചു.










0 comments