നിപാ ആശങ്ക; ആയിരക്കണക്കിന് വവ്വാലുകൾക്കിടയിൽ ഭീതിയോടെ നെടുവന്നൂർ

ചെങ്ങമനാട് പഞ്ചായത്ത് നെടുവന്നൂരിൽ വെണ്ണിപ്പറമ്പ്–തടായി റോഡരികിലെ സ്വകാര്യ വസ്തുവിലുള്ള മരങ്ങളിൽ തമ്പടിച്ചിരിക്കുന്ന വവ്വാലുകൾ
നെടുമ്പാശേരി
സംസ്ഥാനത്ത് നിപാ വൈറസ് സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ ചെങ്ങമനാട് പഞ്ചായത്ത് നെടുവന്നൂരിൽ വെണ്ണിപ്പറമ്പ്–തടായി റോഡരികിലെ സ്വകാര്യ വസ്തുവിലുള്ള മരങ്ങളിൽ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് വവ്വാലുകൾ നാട്ടുകാരെ ആശങ്കയിലാക്കുന്നു. ഇവയുടെ ശബ്ദം, വിസർജ്യം, രാത്രികാലശല്യം, സമീപത്തെ കൃഷിയിടങ്ങളിലെ നാശം എന്നിവ കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്.
ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ചെങ്ങമനാട് പഞ്ചായത്തിനും നാട്ടുകാർ നേരത്തേ പരാതി നൽകിയിരുന്നു. ചൊവ്വര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സ്ഥലപരിശോധന നടത്താൻ നിർദേശം നൽകിയതായി ജൂലൈ ഒന്നിന് ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് മറുപടിയും ലഭിച്ചു. ഇതുവരെ തുടർനടപടികളോ പരിശോധനയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ജനങ്ങളുടെ പൊതുജനാരോഗ്യ സുരക്ഷയും ആശങ്കയും കണക്കിലെടുത്ത് ആരോഗ്യവകുപ്പ്, വന്യജീവിവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവ ചേർന്ന് അടിയന്തര പരിശോധന നടത്തി ശാസ്ത്രീയമായ സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നടപടി വൈകിയാൽ ശക്തമായ പ്രതിഷേധം നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.










0 comments