അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ആശുപത്രി വിട്ടു

കൊച്ചി
അപ്രതീക്ഷിതമായെത്തിയ അപകടത്തിലും സ്വപ്നമുഹൂർത്തം സ്വന്തമാക്കാൻ ചേർത്തുപിടിച്ച വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ സ്നേഹത്തണലിൽനിന്ന് ആരോഗ്യവതിയായി ആവണി ആലപ്പുഴ കൊമ്മാടിയിലെ വീട്ടിലേക്ക് മടങ്ങി. വിവാഹത്തിന് മേക്കപ് ചെയ്യാനുള്ള യാത്രക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിലാകുകയും മുഹൂർത്തം തെറ്റിക്കാതെ അത്യാഹിത വിഭാഗത്തിൽ വിവാഹിതയാകുകയും ചെയ്‌ത ആവണി 12–-ാംദിനത്തിലാണ് ആശുപത്രിവിട്ടത്. ആപത്തുകൾക്ക് തോൽപ്പിക്കാനാകാത്ത പ്രണയം ഹൃദയത്തിലേറ്റിയ പ്രിയപ്പെട്ട ഷാരോണിന്റെ കൈകൾ മുറുകെപ്പിടിച്ച് എല്ലാവർക്കും നന്ദി പറഞ്ഞാണ് അവൾ ആശുപത്രിയിൽനിന്ന് മടങ്ങിയത്.
ആവണിയുടെ മാതാപിതാക്കളായ എം ജഗദീഷ്--, ജ്യോതി, സഹോദരൻ അതുൽ, ഭർതൃസഹോദരൻ റോഷൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിപിഎസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള പൂച്ചെണ്ട് നൽകി യാത്രയാക്കി. ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആശുപത്രി ചെയർമാൻ ഡോ. ഷംഷീർ വയലിൽ ആവണിയുടെ ചികിത്സാച്ചെലവ് പൂർണമായും സൗജന്യമാക്കിയിരുന്നു.









0 comments