56 കിലോ കഞ്ചാവുമായി 3 പേർ അറസ്‌റ്റിൽ

കൊച്ചി
സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ടാറ്റ നഗർ എക്‌സ്‌പ്രസിൽ നടത്തിയ പരിശോധനയിൽ 56 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ബംഗാൾ മിഡിൻപുർ ചൻഗ്ര സ്വദേശി സുഖ്‌ലാൽ ടുഡു (27), പാലക്കാട് കൊഴിഞ്ഞാന്പാറ കുളത്തിങ്കൽ വീട്ടിൽ ദീപക് (28), എറണാകുളം പറവൂർ വടക്കുംപുറം കാട്ടിൽപ്പറമ്പിൽ വീട്ടിൽ കെ എസ് സരൂപ് (34) എന്നിവരെയാണ് റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണസേനയും (ആർപിഎഫ്) ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. ട്രെയിനുകളിൽ കിടക്ക നൽകുന്ന റെയിൽവേ ബെഡ് റോൾ ജീവനക്കാരനാണ് സുഖ്‌ലാൽ. ദീപക്കിനെ 65 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇൗ കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ടാറ്റ നഗർ എക്സ്പ്രസിൽനിന്നാണ് ബുധൻ പുലർച്ചെ കഞ്ചാവ് പിടിച്ചെടുത്തത്. ബെഡ് റോൾ ജീവനക്കാർക്ക് കിടക്കയും തലയണയും സൂക്ഷിക്കാൻ ട്രെയിനിലുള്ളിലുള്ള അലമാരയിൽ അഞ്ച് ബാഗുകളിലും ഒരു ബിഗ് ഷോപ്പറിലുമായാണ് സുഖ്‌ലാൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയവരാണ് സരൂപും ദീപക്കും. ഇവർ പണം സുഖ്‌ലാലിന് ഓൺലൈനായി കൈമാറിയതായാണ് സൂചന. ഇവരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചുവരികയാണ്.
റെയിൽവേ പൊലീസിന്റെ ഓപ്പറേഷൻ രക്ഷിതയുടെയും മണ്ഡലകാലത്തെ മോഷണങ്ങളും മറ്റും തടയുന്നതിന്റെ ഭാഗമായും നടത്തിയ പരിശോധനയിലാണ് അറസ്‌റ്റ്. റെയിൽവേ എസ്‌പി കെ ഷഹൻഷായുടെയും ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫയുടെയും നിർദേശാനുസരണമായിരുന്നു പരിശോധന.
റെയിൽവേ എസ്‌ഐ എ നിസാറുദ്ദീൻ, റെയിൽവേ ഡിവൈഎസ്‌പി ആർ ജോർജ് ജോസഫ്, ആർപിഎഫ് അസിസ്റ്റന്റ് സെക്യൂരിറ്റി കമീഷണർ സുപ്രിയ കുമാർ ദാസ്, എറണാകുളം സൗത്ത് ആർപിഎഫ് പോസ്റ്റ് കമാൻഡന്റ് ബിനോയ് ആന്റണി, റെയിൽവേ ഇൻസ്‌പെക്ടർ കെ ബാലൻ, എസ്ഐ ഇ കെ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.









0 comments