ad
Deshabhimani

ജിജോയുടെ മരണത്തിൽ 
രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

arrest

വിനു ജിനീഷ്

വെബ് ഡെസ്ക്

Published on Jun 16, 2026, 02:45 AM | 1 min read

കോലഞ്ചേരി


നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയെ (ജോൺ-–53) പട്ടിമറ്റം ചെങ്ങരയിലെ റബർത്തോട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് സുഹൃത്തുക്കളെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാടിയിൽ വിനു (38), വി കെ ജിനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴം രാവിലെമുതൽ മൂവരും മദ്യലഹരിയിലായിരുന്നുവെന്നും വൈകിട്ട് വീണ്ടും മദ്യപിക്കുന്നതിനായി ചെങ്ങരയിലെ ആളൊഴിഞ്ഞ റബർത്തോട്ടത്തിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.


കുട്ടികളില്ലാത്ത ജിജോയെ അതിന്റെ പേരിൽ ആക്ഷേപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് തള്ളിയിട്ടപ്പോൾ ജിജോ റബർമരത്തിൽ തലയിടിച്ച് വീണതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ജിജോയെ ആശുപത്രിയിലെത്തിക്കാതെ സമീപത്തെ ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയശേഷം പ്രതികൾ മടങ്ങിപ്പോയി. പിന്നീട് രാത്രി മൂന്നുതവണ സ്ഥലത്തെത്തി ജിജോയ്ക്ക് ബോധം വന്നോ എന്ന് പരിശോധിച്ചെങ്കിലും ചികിത്സ ലഭ്യമാക്കാൻ തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.


രാത്രി വൈകിയും ജിജോ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളി രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. ജിജോയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായും തലച്ചോറിൽ അമിതരക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.


സുഹൃത്തുക്കളുടെ മൊഴികളിൽ വൈരുധ്യമുണ്ടായതും അന്വേഷണത്തിന് വഴിത്തിരിവായി. ജിജോ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നതായാണ് ആദ്യം സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജിജോയും സുഹൃത്തുക്കളും ഒരുമിച്ചല്ല റബർത്തോട്ടത്തിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.


തലയ്‌ക്കേറ്റ പരിക്കിനെ തുടർന്നുണ്ടായ രക്തസ്രാവം സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ തടയാൻ കഴിയുമായിരുന്നുവെന്നും ചികിത്സ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കോലഞ്ചേരി കോടതിയി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home