സ്‌മരണകളിൽ ജ്വാലയായ് എ പി

സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫീസിലെ എ പി സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പുഷ്പചക്രം അർപ്പിക്കുന്നു
കൊച്ചി
ത്യാഗനിർഭരവും പോരാട്ടസമ്പന്നവുമായ പൊതുപ്രവർത്തനത്തിലൂടെ ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തായിരുന്ന എ പി വർക്കിയുടെ ദീപ്‍തസ്‍മരണ പുതുക്കി നാട്. സിപിഐ എം ജില്ലാ സെക്രട്ടറിയെന്നനിലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദിശാബോധം നൽകിയ എ പി വർക്കിയുടെ 24-–ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണം നടത്തി. ബ്രാഞ്ചുകളിലും പാർടി ഓഫീസുകൾ, തൊഴിൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പതാക ഉയർത്തി.
തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫീസിലെ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി, തുടർന്ന് അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, പി ആർ മുരളീധരൻ, കെ എസ് അരുൺകുമാർ, ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, ഏരിയ സെക്രട്ടറിമാരായ പി വാസുദേവൻ, പി ബി രതീഷ്, എ പി വർക്കിയുടെ മകൾ കെ വി ലീല തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴയിൽ കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തി. പെരുന്പാവൂരിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് അനുസ്‌മരണം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ഷിപ്‌യാർഡ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് പ്രഭാഷണം നടത്തി. പാർടി ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി പതാക ഉയർത്തി.
ആരക്കുന്നം ആശുപത്രിയിൽ പുതിയ ബ്ലോക്ക് തുറന്നു
തൃപ്പൂണിത്തുറ
ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രി 23–ാം വാർഷികവും എ പി വർക്കി അനുസ്‌മരണവും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അനുസ്മരണ സമ്മേളനവും ആശുപത്രിയിലെ പുതിയ ബ്ലോക്കും ഉദ്ഘാടനം ചെയ്തു. മിഷൻ ചെയർമാൻ പി ആർ മുരളീധരൻ അധ്യക്ഷനായി.
മുളന്തുരുത്തി റോട്ടറി ക്ലബ്, ആശുപത്രിക്ക് അത്യാധുനിക എക്സ്-റേ മെഷീൻ കൈമാറി. ആശുപത്രിയിൽ 10 വർഷം സേവനം അനുഷ്ഠിച്ച ഡോക്ടർമാരെയും 20 വർഷം പൂർത്തിയാക്കിയ ജീവനക്കാരെയും ആദരിച്ചു. ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ മിഷൻ മുൻ ചെയർമാൻ എസ് ശർമ സമ്മാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജൂലിയ ജെയിംസ് (എടക്കാട്ടുവയൽ), ലിജോ ജോർജ് (മുളന്തുരുത്തി), കെ ജി രഞ്ജിത്ത് (ആമ്പല്ലൂർ), പഞ്ചായത്തംഗം സാലി പീറ്റർ, മിഷൻ ഡയറക്ടർമാരായ പി ബി രതീഷ്, ജെസി പീറ്റർ, എം പി ഉദയൻ, എൻ കൃഷ്ണപ്രസാദ്, സജി കെ ഏലിയാസ്, ജെയിംസ് പോൾ, ഡോ. സജി സുബ്രഹ്മണ്യം, ട്രഷറർ സി കെ മണിശങ്കർ, സെക്രട്ടറി അഡ്വ. കെ വിജയകുമാർ എന്നിവർ സംസാരിച്ചു.
കലാസന്ധ്യ ചലച്ചിത്ര ബാലതാരം ദേവനന്ദ ജിബിൻ ഉദ്‌ഘാടനം ചെയ്തു. ഗായകൻ വിഷ്ണു എസ് കുറുപ്പിന്റെ സംഗീതനിശയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെ കലാപരിപാടിയും നടന്നു.










0 comments