അനിൽ ഇംഗ്ലീഷ് ചാനലും നീന്തിക്കയറും; സഹായിക്കാൻ ആളുവേണം

കേരള സ്റ്റേറ്റ് സി–ആപ്റ്റിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു അനിൽ കുറുമശേരിയെ അനുമോദിക്കുന്നു
നെടുമ്പാശേരി
കൈകാലുകൾ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക്കിടന്ന് വിസ്മയം സൃഷ്ടിച്ച അനിൽ കുറുമശേരി ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാനും ആറുമണിക്കൂർ ജലോപരിതലത്തിൽ പൊങ്ങിക്കിടന്ന് ഗിന്നസ് റെക്കോഡിടാനുമുള്ള തീവ്രപരിശീലനത്തിൽ. ആലുവ തോട്ടക്കാട്ടുകരയിലെ കേരള സ്റ്റേറ്റ് സി–ആപ്റ്റിൽ വർക്ക് അസിസ്റ്റന്റായ കുറുമശേരി തേവാശേരി അനിൽ (58) ആറുമണിക്കൂർ ജലോപരിതലത്തിൽ പൊങ്ങിക്കിടന്ന് ഗിന്നസ് നേടാനാണ് ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തുനിന്ന് ഫ്രാൻസ് തീരംവരെ 34 കിലോമീറ്റർവരുന്ന ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുകയാണ് സ്വപ്നം. നീന്തലിൽ കേരള അഡ്വഞ്ചർ സ്പോർട്‌സ് അവാർഡ്, ജനജാഗ്രതാ പുരസ്കാരം, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൈകാലുകൾ ബന്ധിച്ച് തൃശൂർ കൊരട്ടിയിലെ മംഗലശേരി ക്ലബ്ബിലെ നീന്തൽക്കുളത്തിൽ ഒരുമണിക്കൂർ പൊങ്ങിക്കിടന്ന് റെക്കോഡിട്ടിരുന്നു.
കൈകാൽ ബന്ധിച്ച് കൊച്ചി കായലിൽ ഹൈക്കോടതി ജെട്ടിമുതൽ ബോൾഗാട്ടി പാലസ് വരെയും ആലുവ പെരിയാറും നീന്തിയതിന് കേരള അഡ്വഞ്ചർ സ്പോർട്ട് അവാർഡും നേടി. ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്നതിന് 25 ലക്ഷം രൂപയോളം ചെലവ് വരും. ഇതിന് സ്പോൺസറെ തേടുകയാണ് അനിൽ. എൽഐസി അഡ്വൈസറായ ഭാര്യ ഗീതയും മക്കളായ ജിഷ്ണുവും ശ്രേയയും അനിലിന് പിന്തുണയുമായി കൂടെയുണ്ട്.










0 comments