ad
Deshabhimani

ഉദ്‌ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാനാകുന്നില്ല

ബാലസദനം അങ്കണവാടി കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവുമില്ല

anganawadi
വെബ് ഡെസ്ക്

Published on Jun 14, 2025, 02:38 AM | 1 min read


വൈപ്പിൻ

യുഡിഎഫ്‌ ഭരിക്കുന്ന എടവനക്കാട് പഞ്ചായത്ത് 11–--ാംവാർഡിലെ ബാലസദനം അങ്കണവാടി കെട്ടിടം ഉദ്‌ഘാടനംകഴിഞ്ഞ്‌ രണ്ടുമാസമായിട്ടും വെള്ളമോ വെളിച്ചമോ ഇല്ലാത്തതിനാൽ പ്രവർത്തിക്കാനാകുന്നില്ല. എസ്‌ ശർമ എംഎൽഎയായിരിക്കുമ്പോൾ ആസ്തിവികസന ഫണ്ടിൽനിന്ന് അങ്കണവാടി നിർമാണത്തിന് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ 2021 ഒക്‌ടോബർ മൂന്നിന്‌ തറക്കല്ലിട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ 24ന്‌ എംഎൽഎ തന്നെ ഉദ്‌ഘാടനവും നിർവഹിച്ചു. എന്നാൽ, കെട്ടിടത്തിലേക്ക്‌ ആവശ്യമായ വൈദ്യുതി, കുടിവെള്ള കണക്‌ഷൻ എന്നിവ ഇതുവരെ ലഭിച്ചില്ല. കെട്ടിടത്തിന്‌ നമ്പർ ഇടുന്നതും നിരാക്ഷേപപത്രം നൽകേണ്ടതും പഞ്ചായത്താണ്‌. അത്‌ നൽകാൻ പഞ്ചായത്ത്‌ തയ്യാറാകുന്നില്ല.


എംഎൽഎ ഫണ്ട്‌ ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ചുമതല ബ്ലോക്ക്‌ പഞ്ചായത്തിനെയാണ്‌ ഏൽപ്പിക്കുന്നത്. നിർമാണം പൂർത്തിയാക്കിയിട്ടും പഞ്ചായത്തിന്‌ പ്രസ്‌തുത കെട്ടിടം ബ്ലോക്ക്‌ പഞ്ചായത്ത്‌ കൈമാറിയില്ലെന്ന്‌ പഞ്ചായത്ത്‌ പറയുന്നു. ഈ ആരോപണം ഉന്നയിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന അബ്‌ദുൾസലാം ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ, ഇക്കാര്യത്തിൽ ബ്ലോക്കിന്റെ പേര്‌ വലിച്ചിഴയ്‌ക്കുന്നത്‌ പഞ്ചായത്തിന്റെ പിടിപ്പുകേടുമൂലമാണെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ കെ എ സാജിത് പറഞ്ഞു.


മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മനാഫ്‌ മനേഴത്ത്‌ സൗജന്യമായി നൽകിയ ഭൂമിയിലാണ്‌ അങ്കണവാടി കെട്ടിടം നിർമിച്ചത്‌. ഇപ്പോൾ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടത്തിന്‌ വാടക നൽകുന്നത്‌ ടീച്ചർമാരുടെ തുച്ഛമായ ശമ്പളത്തിൽനിന്നാണെന്ന്‌ മനാഫ്‌ പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്തിനെ പഴിചാരി അങ്കണവാടി കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാത്ത പഞ്ചായത്തിനെതിരെ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന്‌ സെക്രട്ടറി കെ യു ജീവൻമിത്ര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home