ad
Deshabhimani

ഇടതോരം ചേരാൻ അങ്കമാലി

angamaly, piravom
avatar
നിധിൻ രാജു

Published on Mar 08, 2026, 02:45 AM | 2 min read

അങ്കമാലി


ജില്ലയുടെ വടക്കേയതിർത്തി കാക്കുന്ന അങ്കമാലിക്ക്‌ കേരളത്തിന്റെ ചരിത്രഭൂപടത്തിൽ സവിശേഷസ്ഥാനമുണ്ട്‌. പുരാതന മുസിരിസിന്റെ വ്യാപാര ചരിത്രത്തിൽനിന്ന് തുടങ്ങി ആധുനിക നഗര വികസനത്തിലേക്കെത്തുന്ന ചരിത്രം. കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ, ബാംബൂ കോർപറേഷൻ, ട്രാൻസ്‌ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടെൽക്) എന്നിവ മണ്ഡലത്തിന്റെ വ്യാവസായിക മുഖമാണ്.


ഒപ്പം ഗ്രാമീണ–കാർഷിക മേഖലയുടെയും യുവതലമുറ തൊഴിലെടുക്കുന്ന ഐടി-–ലോജിസ്റ്റിക്സ് രംഗത്തിന്റെ കരുത്തും ചേർന്നതാണ്‌ അങ്കമാലി. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് ബസിലിക്ക, അങ്കമാലി സെന്റ്‌ മേരീസ്‌ പഴയ പള്ളി, മലയാറ്റൂർ കുരിശുമുടി, കാലടി ആദിശങ്കര സ്‌തൂപം തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളുടെ പകിട്ടും അങ്കമാലിക്ക്‌ സ്വന്തം.


അങ്കമാലി നഗരസഭയും കറുകുറ്റി, മഞ്ഞപ്ര, അയ്യമ്പുഴ, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ, കാലടി, മലയാറ്റൂർ–നീലീശ്വരം എന്നിങ്ങനെ എട്ടു പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. 1965 മുതൽ 14 തെരഞ്ഞടുപ്പുകളിൽ എട്ടുതവണ വലതുപക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയും തുണച്ചു. 1965ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോൺ പാത്താടൻ വിജയിച്ചു. തുടർന്നുള്ള ഒരുപതിറ്റാണ്ടിലേറെ ഇടതുപക്ഷത്തിന്റെ ആധിപത്യത്തിൽ. തുടർച്ചയായി നാലുതവണ (1967, 70, 77, 80) സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്പീക്കറുമായ എ പി കുര്യൻ മണ്ഡലത്തെ പ്രതിനിധാനംചെയ്‌തു. 1982ലും 87ലും കേരള കോൺഗ്രസിലെ എം വി മാണി വിജയിച്ചു. 1991, 1996, 2001 കോൺഗ്രസിലെ പി ജെ ജോയിയിലൂടെ യുഡിഎഫ്‌ മണ്ഡലം നിലനിർത്തി. 2006ൽ ജനതാദൾ എസിന്റെ ജോസ് തെറ്റയിലൂടെ എൽഡിഎഫിനായി മണ്ഡലം തിരിച്ചുപിടിച്ചു. 2011 ലും വിജയം ആവർത്തിച്ചു. 2016ൽ റോജി എം ജോണിലൂടെ യുഡിഎഫിനൊപ്പമായി. 2021ലും റോജി വിജയം ആവർത്തിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അയ്യമ്പുഴ പഞ്ചായത്ത് തുടർച്ചയായ മൂന്നാംതവണയും എൽഡിഎഫിനൊപ്പം നിന്നു. കടുത്ത യുഡിഎഫ്‌ തരംഗത്തിലും അങ്കമാലി നഗരസഭയിലുൾപ്പെടെ എൽഡിഎഫ്‌ മികച്ച പ്രകടനം കാഴ്‌ചവച്ചു.


മാറ്റത്തിന്‌ കാതോർത്ത്‌ 
പിറവം


ആർ ഹേമലത


കൊച്ചി


കോട്ടയം ജില്ലയുടെ അതിർത്തിയോട്‌ ചേർന്നുകിടക്കുന്ന പിറവം മണ്ഡലം കാർഷികപ്പെരുമയും സാംസ്‌കാരിക പാരന്പര്യവും വിളിച്ചോതുന്ന നാടാണ്‌. കാർഷികോത്സവത്തിന്റെ ഭാഗമായ കാക്കൂർ കാളവയൽ അരങ്ങേറുന്ന വിയർപ്പിന്റെ ഉപ്പുകലർന്ന മണ്ണ്‌. ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ച ഉൾപ്പെടുന്ന നാട്.


നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ എണ്ണമറ്റ പോരാട്ടങ്ങൾ അരങ്ങേറിയ രക്തസാക്ഷികളുടെ നാട്‌. അടിയന്തരാവസ്ഥക്കെതിരെ ചരിത്രം രേഖപ്പെടുത്തിയ ധീരമായ ചെറുത്തുനിൽപ്പുകളുടെ സ്‌മരണകളും ഇവിടെ നിറയുന്നു. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി പങ്കിട്ട പ്രദേശം. ചാലാശേരി ഗുരുക്കന്മാരും അവരുടെ കളരികളും കുടുംബക്ഷേത്രങ്ങളും ഭൂതകാലശേഷിപ്പായി തുടരുന്നു. പ്രശസ്തമായ പാഴൂർ പടിപ്പുര പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്ന്‌. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടന്ന മേല്പാഴൂർ മനയും മണ്ഡലത്തിലാണ്‌.


​പിറവം, കൂത്താട്ടുകുളം നഗരസഭകളും തൃപ്പൂണിത്തുറ നഗരസഭയിലെ ഇരുമ്പനം, തിരുവാങ്കുളം മേഖലകളും ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, മണീട്, രാമമംഗലം, പാമ്പാക്കുട, ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.


1977ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രതിനിധിയായ ടി എം ജേക്കബ്‌ വിജയിച്ചു. തുടർന്ന്‌ 1991, 1996, 2001, 2011 തെരഞ്ഞെടുപ്പുകളിൽ സ്വന്തം പാർടിയായ കേരള കോൺഗ്രസിലൂടെ ടി എം ജേക്കബ്‌ മണ്ഡലത്തെ പ്രതിനിധാനംചെയ്‌തു.


മൂന്നുതവണ പിറവം ഇടതുപക്ഷത്തേക്ക്‌ ചാഞ്ഞിട്ടുണ്ട്‌. 1987ൽ ഗോപി കോട്ടമുറിക്കലും 2006ൽ എം ജെ ജേക്കബും സിപിഐ എം പ്രതിനിധികളായി വിജയിച്ചു. കോൺഗ്രസ്‌ എ വിഭാഗം എൽഡിഎഫിന്റെ ഭാഗമായിരിക്കെ 1980ൽ പി സി ചാക്കോയും വിജയിച്ചു. 1982ൽ നേടിയത്‌ കോൺഗ്രസിലെ ബെന്നി ബെഹനാൻ. 2011 ൽ വിജയിച്ച്‌ മന്ത്രിയായ ടി എം ജേക്കബിന്റെ നിര്യാണത്തെ തുടർന്ന്‌ 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ് വിജയിച്ചു. 2016 ലും 2021 ലും മണ്ഡലം അനൂപ്‌ വിജയമാവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home