കുളമായ റോഡിൽ കുളവാഴ നട്ടു

മറ്റൂർ -കരിയാട് റോഡിലെ ചെത്തിക്കോട് എൻഎസ്എസ് ജങ്‌ഷനിലെ കുളമായ റോഡിൽ കുളവാഴ നട്ട് നടത്തിയ സമരം നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കിഴക്കൻമേഖലയിൽനിന്നുള്ള പ്രധാന സഞ്ചാരമാർഗമായ മറ്റൂർ– കരിയാട് റോഡിൽ ചെത്തിക്കോട് എൻഎസ്എസ് കരയോഗം ഭാഗത്തും നായത്തോട് സൗത്ത് ജങ്ഷനിലുമുൾപ്പെടെ കുണ്ടും കുഴിയുമായി. തുടർന്ന് ഇതുവഴിയുള്ള യാത്ര ദുസ്സഹമായി.
കുറച്ചുനാൾമുമ്പ് പ്രദേശത്തെ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് എൻഎസ്എസ് ജങ്ഷൻ ടൈൽ വിരിച്ചിരുന്നു. എന്നാൽ, ജലവകുപ്പിന്റെ പൈപ്പിടലിന്റെ ഭാഗമായി പാത കുത്തിപ്പൊളിച്ചതിനെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായി. പൊതുമരാമത്ത് വകുപ്പിന്റെയും ജലവകുപ്പിന്റെയും ഏകോപനമില്ലാത്തതിനാലാണ് കുത്തിപ്പൊളിച്ച ഭാഗം കുണ്ടും കുഴിയുമായത്. ഇരുചക്ര വാഹനങ്ങളുൾപ്പെടെ കുഴിയിൽവീണ് നിത്യേന അപകടമുണ്ടാകുകയാണ്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പ്രദേശത്ത് കുളവാഴ നട്ട് പ്രതിഷേധിച്ചു.
സമരം നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ വിനിത ദിലീപ് അധ്യക്ഷയായി. കൗൺസിലർ ലതിക രാജൻ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജിജോ ഗർവാസീസ്, രാഹുൽ രാമചന്ദ്രൻ, എം ജെ ബേബി, ബ്രാഞ്ച് സെക്രട്ടറിമാരായ പി ജെ മനോഹരൻ, വി കെ രാജൻ, ബൈജു ആന്റണി തുടങ്ങിയവർ സംസാരിച്ചു.










0 comments