ad
Deshabhimani

കൂട്ടുകാരികൾ പോയി, അംബിക തനിച്ചായി

ambika

സ്മിതയുടെയും ലതയുടെയും മൃതദേഹങ്ങൾ രാമമംഗലം പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ
അംബിക കരച്ചിലടക്കാനാകാതെ കൂട്ടുകാരികൾക്ക്‌ വിടയേകുന്നു

avatar
നിധിൻ രാജു

Published on May 01, 2026, 03:25 AM | 1 min read

രാമമംഗലം


‘‘എല്ലാരും ഒത്തിരി നിർബന്ധിച്ചതാ കൂടെ ചെല്ലാൻ, വീട്ടിലെ സാഹചര്യംകൊണ്ട് പോകാനായില്ല. ഞങ്ങൾ ആറുപേരും എല്ലാത്തിനും ഒരുമിച്ചായിരുന്നു. എന്നാലിപ്പോൾ അവർ...’’ ബംഗളൂരുവിൽ അപകടത്തിൽപ്പെട്ട അഞ്ചംഗ സംഘത്തിനൊപ്പം പോകേണ്ടിയിരുന്ന അംബികയുടെ കണ്ഠമിടറി, വാക്കുകൾ മുറിഞ്ഞു.


പ്രിയപ്പെട്ട സഹപ്രവർത്തകരുടെ മൃതദേഹങ്ങൾ രാമമംഗലം പഞ്ചായത്ത് ഓഫീസ്‌ മുറ്റത്തെത്തിച്ചപ്പോൾ അതുവരെ പിടിച്ചുനിർത്തിയ സങ്കടമെല്ലാം അണപൊട്ടി. കണ്ടുനിന്നവരും കണ്ണീരണിഞ്ഞു.


​ജനുവരിമുതൽ ആലോചിച്ചതായിരുന്നു ബംഗളൂരു യാത്ര. ഏപ്രിൽ എട്ടിന് ടിക്കറ്റെടുത്തതാണ്. എന്നാൽ, തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിൽ യാത്ര മാറ്റി. പിന്നീടാണ്‌ ബുധൻ രാവിലെ പോകാൻ തീരുമാനിച്ചത്‌. മകളുടെ കുഞ്ഞിനെ നോക്കേണ്ടതിനാൽ, അവസാനമാണ് രാമമംഗലം മണ്ണായത്ത് അംബിക ശ്രീധരൻ യാത്രയിൽനിന്ന്‌ പിന്മാറിയത്.


2006ൽ ആരംഭിച്ച അമൃതം ഫുഡ്സ് സംരംഭത്തിനൊപ്പം സഞ്ചരിച്ചവരാണ് ആറുപേരും. കൊച്ചുകുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാരക്കൂട്ടുകളാണ്‌ അവർ നിർമിച്ചിരുന്നത്‌. തുടങ്ങിയപ്പോൾ 15 പേരുണ്ടായിരുന്നു. പിന്നീട്‌ പലരും കൊഴിഞ്ഞുപോയി. എന്നാൽ, മരിച്ച സ്‌മിതയും ലതയും പരിക്കേറ്റ പ്രീതിയും സിജിയും മായയും അംബികയും പ്രതിസന്ധികൾക്കിടയിലും പ്രത്യാശയോടെ ഒരുമിച്ചുനിന്നു. അവർ ഒരുമനസ്സോടെ നെയ്തെടുത്തതായിരുന്നു ബംഗളൂരു യാത്ര.


സ്‌മിതയുടെയും ലതയുടെയും സംസ്‌കാരശേഷം അംബിക ഭർത്താവ് ശ്രീധരനൊപ്പം ബംഗളൂരുവിലേക്ക് പുറപ്പെട്ടു. പോകാൻ കഴിയാതെപോയ യാത്രയ്ക്കല്ല, വിധി ബാക്കിവച്ചവർക്ക് കൂട്ടിരിക്കാൻ, അവർക്ക്‌ കൈത്താങ്ങാകാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home